: “നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഈ പാടം നിങ്ങൾ കണ്ടോ. പണ്ടൊക്കെ ക്രിസ്മസിനു മുമ്പ് ഈ പാടത്തു ഞങ്ങൾ വിതച്ചിരിക്കും. അതു കഴിഞ്ഞിട്ടേ കുർബാനയ്ക്കു പള്ളിയിൽ പോകത്തുള്ളൂ. പക്ഷേ, ആ കാലമൊക്കെ പോയില്ലേ. പത്തിരുപത്തഞ്ചു വർഷമായി തരിശായി കിടന്ന ഈ പാടത്തേക്ക് ഇത്തവണ ഞങ്ങൾ വീണ്ടുമിറങ്ങും. ഇനി ഈ പാടത്ത് ഞങ്ങൾ പൊന്നുവിളയിക്കും” - നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ച് ബിജു പാടത്തെ ചേറിലേക്ക് കാലുകൾ പൂഴ്ത്തി. ഒപ്പം കുര്യനും ജോൺസണും. മൂന്നുപേരും ചേർന്നു പാടത്ത് ഞാറു നടുന്നതിനു സാക്ഷിയായി കൃഷിവകുപ്പ് അസി. ഡയറക്ടർ ഇന്ദുവും.
എറണാകുളത്തിന്റെ നെല്ലറയെന്നാണ് തോട്ടറ പുഞ്ച അറിയപ്പെടുന്നത്. ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, വെള്ളൂർ എന്നീ പഞ്ചായത്തുകൾ അതിരിടുന്ന തോട്ടറ പുഞ്ചയിൽ 1200 ഏക്കർ പാടമുണ്ട്.
“ആമ്പല്ലൂർ, ചോറ്റാനിക്കര, മുളന്തുരുത്തി, മണീട്, എടയ്ക്കാട്ടുവയൽ, ഉദയംപേരൂർ എന്നീ ആറു പഞ്ചായത്തുകളിലായി 86 ഹെക്ടറിലാണ് 2019-ൽ വിരിപ്പു നെൽകൃഷി ചെയ്തത്. കഴിഞ്ഞ വർഷം അത് 131 ഹെക്ടറായി കൂടി. 2019-ൽ 502 ഹെക്ടറിൽ നടത്തിയ മുണ്ടകൻ കൃഷി കഴിഞ്ഞ വർഷം 570-ലേറെ ഹെക്ടറിലേക്കായി. കർഷകർക്കു പഞ്ചായത്തിൽനിന്നും കൃഷിഭവനിൽനിന്നും കിട്ടുന്ന പിന്തുണ വലിയ ഉണർവാണ് നെൽകൃഷിയിലുണ്ടാക്കിയത്...”
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായരുടെ വാക്കുകളിൽ ആവേശം നിറയുന്നു.