കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ മുൻകൂട്ടി നിശ്ചയിച്ച അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നീട്ടിവെയ്ക്കും. കൂടാതെ പി.എച്ച്‌.സി. കളിലെ ഉച്ചയ്ക്കുശേഷമുള്ള ഒ.പി. സേവനവും താത്കാലികമായി നിർത്തിവെയ്ക്കും. ഈ ഡോക്ടർമാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുനർ വിന്യസിക്കും.

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന്‌ ജില്ലാതല അവലോകന യോഗം വിലയിരുത്തി. 48 പഞ്ചായത്തുകളിൽ 25 ശതമാനത്തിലേറെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ; 45 ശതമാനം.

കോർപ്പറേഷനിലെ 65, 69 വാർഡുകൾ മൈക്രോ കൺടെയ്ൻമെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകൾ കടന്നു പോകുന്നതിനാലാണ് കൺടെയ്ൻമെന്റ് സോണാക്കാത്തത്. കർശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും.

കൺടെയ്ൻമെന്റ് സോണുകളിൽ ജിം പ്രവർത്തിക്കാൻ അനുമതിയില്ല. പാർക്കുകളിൽ പ്രഭാത സവാരി നടത്താമെങ്കിലും പാർക്കിൽ വന്നിരിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല.

മെഡിക്കൽ കോളേജിൽ 120 കിടക്കകൾ സജ്ജമാക്കി. ഇവിടെ അടുത്ത ദിവസം മുതൽ രോഗികളെ പ്രവേശിപ്പിക്കും. ജില്ലയിലെ വാക്സിൻ വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തും.