കൊച്ചി: കോവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനറൽ മെഡിസിൻ, പൾമണോളജി ഒ.പി.കൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. മറ്റ്‌ ഒ.പി.കൾ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആക്കി. ഒ.പി.കളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

സന്ദർശക നിയന്ത്രണം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി സന്ദർശനം കഴിവതും ഒഴിവാക്കണം. സന്ദശകർ വരുന്ന പക്ഷം രണ്ടു ഡോസ് വാക്സിൻ എടുത്തവരോ ആർ.ടി.പി.സി.ആർ. ഫലം നെഗറ്റിവ് ആയവരോ ആയിരിക്കണം. ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളു. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം.

രോഗമുള്ളവർ

ചെറിയ അസുഖങ്ങൾക്ക്‌ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സ തേടണം. തുടർച്ചയായി മരുന്നു കഴിക്കുന്നവർക്ക്‌ ഡോക്ടർമാരുടെ ചീട്ടുപ്രകാരം പരമാവധി രണ്ടു മാസത്തേക്കുള്ള മരുന്ന് ഫാർമസിയിൽ നിന്ന്‌ നൽകും. ഇതിന് കുറിപ്പടി സഹിതം ബന്ധുക്കൾ വന്നാൽ മതി.

ആശുപത്രിയിലും പരിസരങ്ങളിലും കൂട്ടംകൂടി നിൽക്കരുത്. ആശുപത്രി കാന്റീനിൽ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് കർശനമായി നിരോധിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീത നായർ പറഞ്ഞു.