അങ്കമാലി: വിധിയെ പഴിച്ച്‌ മുട്ടിലിഴഞ്ഞു ജീവിതം തള്ളിനീക്കാൻ ജെഫിൻ തയ്യാറല്ല. വർണക്കുടകളുണ്ടാക്കി വിറ്റ്‌ ജീവിതത്തിനു നിറം പകരുകയാണീ യുവാവ്. ജന്മനാ ഇരുകാലുകളും തളർന്ന ഈ 24-കാരൻ വിവിധ തരം കുടകൾ ഉണ്ടാക്കി വിറ്റ് ഒരു കുടുംബത്തിന്റെ അത്താണിയായി മാറുന്നു.

അങ്കമാലി പഴുവപൊങ്ങ് പാറയ്ക്ക വീട്ടിൽ ഇട്ടിയച്ചന്റെയും റീത്തയുടെയും മൂത്ത മകനാണ് ജെഫിൻ. അരയ്ക്കുതാഴെ തളർന്നതിനാൽ മുട്ടിലിഴഞ്ഞാണു ജീവിതം. പ്രതിസന്ധിയെ മനക്കരുത്തുകൊണ്ട് മറികടക്കുകയാണീ യുവാവ്.

എറണാകുളത്തെ ഒരു സ്ഥാപനത്തിൽനിന്നു കുടനിർമാണം പഠിച്ച ജെഫിൻ എട്ടു വർഷമായി ഈ രംഗത്തുണ്ട്. പിതാവ് ഇട്ടിയച്ചനും അനുജൻ ജെറിനും തൃശ്ശൂരിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടുവരും.

ആദ്യമൊക്കെ വീൽചെയറിൽ റോഡരികിലിരുന്ന് കുട വില്പന നടത്തി. പിന്നീട് ജില്ലാ പഞ്ചായത്തിൽനിന്ന്‌ മുച്ചക്രവാഹനം ലഭിച്ചതോടെ വീടുകൾ തോറും കയറിയിറങ്ങി വില്പന ആരംഭിച്ചു. കോവിഡ് വ്യാപനം വന്നതോടെ വീടുകളിൽ പോകാൻ കഴിയാതെയായി. തുടർന്ന് പുതിയ വിപണന മാതൃക സ്വീകരിച്ചു. ഫെയ്‌സ്ബുക്കിൽ ജെഫിന്റെ പോസ്റ്റ്‌ കണ്ട് ആളുകൾ കുട ഓർഡർ ചെയ്യാൻ തുടങ്ങി. ആവശ്യക്കാർക്കു കൂറിയർ വഴിയും കുട എത്തിച്ചുനൽകും.

പിതാവ് ഇട്ടിയച്ചൻ കൂലിപ്പണിക്കാരനാണ്. അമ്മ റീത്ത തൊഴിലുറപ്പു തൊഴിലാളിയും. അനുജൻ ജെറിൻ വിദ്യാർഥിയും. ഒരു ദിവസം 12 കുട വരെ ജെഫിൻ നിർമിക്കും. മഴക്കാലം തുടങ്ങുന്നതിന്‌ നാലുമാസം മുന്നെ കുടനിർമാണം ആരംഭിക്കും. കുട്ടികൾക്കുള്ള വർണ മനോഹരമായ കുടകൾ, മുതിർന്നവർക്കുള്ള ത്രീ ഫോൾഡ് കുടകൾ, പ്രിന്റ്, ഫാൻസി കുടകൾ, കാലൻ കുടകൾ എല്ലാം ജെഫിൻ ഉണ്ടാക്കി വിൽക്കുന്നുണ്ട്. ജെഫിന്റെ ഫോൺ നമ്പർ: 80754 56925.