അങ്കമാലി : എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഓട്ടോറിക്ഷാ തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരെയും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന്‌ എം.ബി.ബി.എസ്. ഫസ്റ്റ് ക്ലാസോടെ പാസായ ഐശ്വര്യ അശോകനെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ലക്ഷ്മി അനിൽകുമാറിനെയും അനുമോദിച്ചു. വിവിധ മേഖലകളിൽ സേവനപ്രവർത്തനങ്ങൾ നടത്തുന്ന ഓട്ടോഡ്രൈവർമാരെയും അനുമോദിച്ചു. അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലുള്ളവർക്കും മരണപ്പെട്ട ഓട്ടോ തൊഴിലാളികളുടെ കുടുംബത്തിനും സഹായധനം കൈമാറി.

യോഗം അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജിജോ ഗർവാസീസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. ഷിബു, പി.വി. ടോമി, ടി.വി. ശ്യാമുവൽ, മാത്യു തെറ്റയിൽ, ടി.വൈ. ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു.