കോലഞ്ചേരി : തിരുവാണിയൂർ പഞ്ചായത്തിൽ വരുന്ന മറ്റക്കുഴി ഷാപ്പുംപടി-പാലാൽപടി റോഡിലെ യാത്ര ദുരിതമായി. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മറ്റക്കുഴി ഷാപ്പുംപടിയിൽനിന്നു തിരിയുന്ന റോഡ് അറ്റകുറ്റപ്പണി പോലും നടത്താത്ത പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

മൂന്നു കിലോമീറ്ററിലധികം വരുന്ന റോഡ് പത്ത്‌ വർഷത്തോളമായി ടാറിങ് നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അറ്റകുറ്റപ്പണിതന്നെ നടത്തിയിട്ട് നാലു വർഷമായി.

മഴ ശക്തമായതോടെ റോഡ് തീർത്തും സഞ്ചാര യോഗ്യമല്ലാതായി. ദേശീയപാതയിൽനിന്നു തിരിഞ്ഞാൽ വെണ്ണിക്കുളം, ചെമ്മനാട്, വണ്ടിപ്പേട്ട, ചോറ്റാനിക്കര ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്.

ഒലാം, ആംകോൺ സ്വകാര്യ കമ്പനികളിലേക്ക് സാധന സാമഗ്രികളുമായി വരുന്ന 40, 20 ടൺ കണ്ടെയ്നർ ലോറികളും രണ്ടു ക്രഷർ യൂണിറ്റുകളിൽനിന്ന്‌ പാറമണലും കല്ലുകളുമായി എറണാകുളം കുണ്ടന്നൂർ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്കു പോകുന്ന വലുതും ചെറുതുമായ ടോറസുകളും ഇതുവഴിയാണ് പോകുന്നത്. റോഡ് തകർന്നതോടെ റോഡിലെ അപകടങ്ങളും വർധിച്ചിട്ടുണ്ട്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കമ്പനികളിലേക്കും ക്രഷറിലേക്കും ജോലിക്കു പോകുന്നവരും തിരുവാണിയൂർ ഭാഗത്തേക്കു പോകുന്നവരുമാണ് നാട്ടുകാരെക്കൂടാതെയുള്ള യാത്രക്കാർ. രാവിലെയും വൈകീട്ടുമാണ് കൂടുതൽ യാത്രക്കാരുള്ളത്.

റോഡ് തകർന്നതോടെ മറ്റ് ഇട റോഡുകളെ ആശ്രയിക്കുകയാണ് സ്ഥിരം യാത്രക്കാർ. വെണ്ണിക്കുളം, കുംഭപ്പിള്ളി, തിരുവാണിയൂർ ഭാഗത്തുള്ളവർക്ക് എറണാകുളം, കോലഞ്ചേരി ഭാഗത്തേക്ക് വരാൻ ദേശീയപാതയിലെത്താനുള്ള എളുപ്പവഴിയാണ് തകർന്നിരിക്കുന്നത്. ദേശീയപാതയിൽനിന്ന് റോഡിലേക്ക് കയറുന്നിടത്ത് വാഹനങ്ങൾക്ക് തിരിഞ്ഞുപോകാൻ സ്ലാബില്ലാത്തതിനാൽ മഴപെയ്ത് വെള്ളക്കെട്ടുള്ള സമയത്ത് അപകടം പതിവാണ്. കഴിഞ്ഞ ദിവസവും ഇവിടെ അപകടം സംഭവിച്ചിരുന്നു.

മഴ മാറിയാൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. പറഞ്ഞു. റോഡിന്റെ കൃത്യമായ അളവുകളും മറ്റ് ആവശ്യമായ സൗകര്യങ്ങളും ഉൾപ്പെടെ നൂതന രീതിയിൽത്തന്നെ റോഡ് ടാറിങ് നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായി എം.എൽ.എ. വ്യക്തമാക്കി.