കൊച്ചി: “ഇരുപത്തഞ്ചു വർഷം മുമ്പാണ്... കാക്കനാട്ടെ കുസുമഗിരി ആശുപത്രിയിൽ രോഗിയെ കാണാനെത്തിയതാണ്. ആശുപത്രിക്കവാടം കടന്നതും എതിരേ ഒരു വയോധികൻ നടന്നുവരുന്നു. ഏതോ രോഗിയുടെ കൂട്ടിരിപ്പുകാരനാണ്. കൈകൾ നീട്ടി വിശക്കുന്നുവെന്ന്‌ പറഞ്ഞു. കൈയിലുണ്ടായിരുന്ന പണം മുഴുവൻ അദ്ദേഹത്തിന്‌ കൊടുത്തു. അതാണ് തുടക്കം” - ജീവകാരുണ്യ വഴിയിലേക്കെത്താൻ നിമിത്തമായ അനുഭവങ്ങളിലൊന്ന്‌ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ് പങ്കുവെച്ചു.

മറ്റുള്ളവരുടെ വേദനയിൽ കൈത്താങ്ങാവണമെന്ന ചിന്തയിൽനിന്നാണ് ഇടപ്പള്ളി ബാങ്ക് ജങ്ഷനിലെ ‘പ്രാർത്ഥന ക്രിട്ടിക്കൽ കെയർ െമഡിസിൻസ്’ എന്ന ഫാർമസിയുടെ പിറവി. പൊള്ളുന്ന മരുന്നു വിലയിൽനിന്ന്‌ രോഗികൾക്ക് ആശ്വാസം. അർബുദ രോഗികൾക്കായി തുടങ്ങിയ സഹായം ഇപ്പോൾ വൃക്ക, കരൾ രോഗികൾക്കും നൽകുന്നു.

മരുന്നുകൾ മൊത്തവിലയിൽ നേരിട്ടു വാങ്ങുന്നതിനാൽ 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. അർബുദ രോഗികൾക്ക്‌ സഹായമെത്തിക്കുന്ന ‘ബട്ടർഫ്ളൈ കാൻസർ കെയർ ഫൗണ്ടേഷനു’മായി സഹകരിച്ചാണ്‌ രോഗികൾക്ക്‌ മരുന്നുകൾ നൽകുന്നത്. ഫാർമസിയുടെ ചെലവുകളെല്ലാം കോൺഫിഡന്റ് ഗ്രൂപ്പാണ് വഹിക്കുന്നത്.

2020 മാർച്ചിലാണ് പ്രാർത്ഥനയുടെ തുടക്കം. ഇതുവരെ രണ്ടായിരത്തോളം പേർക്ക്‌ പ്രയോജനം ലഭിച്ചു. രണ്ടാം ഘട്ടമായി വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി കഴിഞ്ഞ മാർച്ചിൽ തുടങ്ങി. തുടക്കത്തിൽ നിർധനരായ 100 രോഗികൾക്ക്‌ ഒരു മാസത്തെ മരുന്നുകൾ സൗജന്യമായി നൽകി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, ഇടപ്പള്ളി എം.എ.ജെ. ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് 50 ശതമാനം ഡിസ്കൗണ്ടോടെ വൃക്കരോഗികൾക്ക്‌ സഹായം നൽകുന്നത്. വിവിധ സന്നദ്ധ സംഘടനകൾക്കായി 10 ഡയാലിസിസ് മെഷീനുകളും നൽകി.

എറണാകുളം ജില്ലയ്ക്ക്‌ പുറത്തേക്കും സഹായമെത്തിക്കുകയാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ അടുത്ത സ്വപ്നം. കൂടുതൽ സന്നദ്ധ സംഘടനകൾ സഹകരിക്കുകയാണെങ്കിൽ അടുത്ത ഘട്ടമായി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കും.

ഇടപ്പള്ളി നാഷണൽ ബിൽഡേഴ്‌സ് ഷോപ്പിങ് കോംപ്ളക്സിന്റെ ഒന്നാം നിലയിലാണ് പ്രാർത്ഥന ഫാർമസി. രാവിലെ 9.30 മുതൽ 5.30 വരെ പ്രവർത്തിക്കും. നേരിട്ടും വാട്‌സാപ്പ് വഴിയും മരുന്നുകൾ ബുക്കു ചെയ്യാം. ഫോൺ: 82812 12000.