പിറവം: തന്നെ അനുകരിച്ച ആരാധകന്‌ ഐ.എം. വിജയന്റെ അനുമോദനം, ഒപ്പം നന്ദിയും. പിറവത്തെ പ്രാദേശിക ചാനൽ പ്രവർത്തകനും സീരിയൽ-മിമിക്രി കലാകാരനുമായ ഷിൻസ് തൊടുവയിൽ ആണ്‌ ഐ.എം. വിജയനോടുള്ള ആരാധന മൂത്ത് തന്റെ ഹെയർ സ്റ്റൈൽ വിജയന്റേതു പോലാക്കിയത്.

ഫെബ്രുവരിയിൽ പെരുവയിൽ ടർഫ് ഉദ്ഘാടനച്ചടങ്ങിലാണ് ഷിൻസ് വിജയനെ അടുത്തു കണ്ടത്. രൂപത്തിൽ തോന്നിയ സാദൃശ്യമാണ്‌ ഷിൻസിനെ സ്റ്റൈൽ അനുകരിക്കാൻ പ്രേരിപ്പിച്ചത്. പിറ്റേന്നുതന്നെ പിറവത്തെ ബ്യൂട്ടീഷ്യനും സുഹൃത്തുമായ ശ്രീകാന്ത്‌ ഷിൻസിനെ വിജയനാക്കി.

ഷിൻസിന്റെ പടം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ഷിൻസിനോട്‌ നന്ദി പറഞ്ഞുകൊണ്ട് വിജയനും ആ ചിത്രം പോസ്റ്റ്‌ ചെയ്തു. വിജയന്റെ പേജിൽ ലൈക്കുകളും കമന്റുകളും നിറഞ്ഞു. ഇതോടെ വിജയനെപ്പോലെ പ്രശസ്തനായിരിക്കുകയാണ് ഈ അപരനും.