മൂവാറ്റുപുഴ: കോവിഡ് വ്യാപനം രൂക്ഷമായതോടെ രക്തദാനവും പേടിയുടെ പട്ടികയിലേക്ക്‌ കടന്നു. കാര്യങ്ങൾ കൈവിട്ടാൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും അതിപ്രധാനമായ ഈ ജീവത്ദൗത്യത്തിൽ വന്നുചേരുകയെന്ന് ഡോക്ടർമാരും ആരോഗ്യ-സന്നദ്ധ പ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തിനിടെ രക്തബാങ്കുകളിൽ രക്തലഭ്യതയും സംഭരണവും കുറഞ്ഞു. ആലുവ ജനറൽ ആശുപത്രിയുടെ രക്തബാങ്കിൽനിന്ന്‌ നിത്യരോഗികൾക്ക്‌, തിരിച്ചുകൊടുക്കേണ്ടെന്ന വ്യവസ്ഥയിൽ രക്തം നല്കിയിരുന്നത്‌ തടസ്സപ്പെട്ടു. കാൻസർ ബാധിതർ, കടുത്ത വൃക്കരോഗികൾ, ഹീമോഫീലിയ ബാധിതർ തുടങ്ങി തീർത്തും നിർവാഹമില്ലാത്ത രോഗികളാണിവർ. 25 പേർക്ക്‌ മാസം രണ്ടുതവണ വീതം രക്തം നല്കിയിരുന്നതാണ്. ലഭ്യത കുറഞ്ഞതോടെ രക്തത്തിന്‌, പകരം ആളെ എത്തിക്കേണ്ട ബാധ്യതയിലാണ്‌ പരസഹായത്തിനു പോലും ആരുമില്ലാത്ത പല രോഗികളും. ലഭ്യത കുറഞ്ഞതും മുൻകരുതൽ വേണ്ടിവരും എന്നതുമാണ് ഇത്തരം നിലപാടെടുക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.

രക്തദാനത്തിന്‌ എത്തുന്നവരിൽ റാപ്പിഡ് കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമായിട്ടില്ല. അതിനാൽ രക്തം ശേഖരിക്കുമ്പോൾ കോവിഡ് പരിശോധന നടത്തുന്നില്ല. രക്തം നല്കാനുള്ളവർ സ്വന്തം നിലയിൽ പരിശോധന നടത്തുകയാണിപ്പോൾ. രക്തദാനത്തിനു പോകുമ്പോൾ കോവിഡ് പിടിപെടുമോ എന്ന ആശങ്കയാണ്‌ മറ്റൊരു പ്രശ്നം. കോളേജ് വിദ്യാർഥികളാണ് പ്രധാനമായും രക്തദാതാക്കൾ. ഇവരിൽ പലരും രോഗബാധ പേടിക്കുന്നുണ്ട്. മാതാപിതാക്കളും കുട്ടികളെ പിന്തിരിപ്പിക്കുന്നു.

പ്രധാന വെല്ലുവിളികൾ

* കോവിഡ് വ്യാപനം വർധിച്ചാൽ രക്തദാനം ചെയ്യുന്നവരുടെ എണ്ണം വലിയ തോതിൽ കുറയും. രണ്ടാംവരവിൽ കോവിഡ് കൂടുന്നത് ചെറുപ്പക്കാരിലാണെന്നത്‌ ദാതാക്കളുടെ എണ്ണം കുറയ്ക്കുന്നു

* കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്താൽ 28 ദിവസത്തേക്ക്‌ രക്തദാനം സാധ്യമല്ല. പ്രതിരോധ കുത്തിവെപ്പ്‌ കൂടുന്നതോടെ ദാതാക്കളുടെ എണ്ണം കുറയും.

* രണ്ടാം ഡോസ് എടുക്കണമെന്നതിനാൽ കുത്തിവെപ്പെടുക്കുന്നവർ മൂന്നു മാസം വരെ രക്തം നല്കാൻ സാധ്യതയില്ല. ഈ കാലയളവ് വലുതാണ്.

* വലിയ അപകടങ്ങളോ 20 യൂണിറ്റിലേറെ രക്തം വേണ്ടിവരുന്ന ശസ്ത്രക്രിയകളോ കൂടുതലായി വന്നാൽ ജീവൻരക്ഷാ ദൗത്യം പ്രതിസന്ധിയിലാകും. രക്ത ബാങ്കുകൾ അത്തരത്തിൽ സജ്ജമല്ല.

* പ്രധാന രക്തദാന കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു. മറ്റു ക്യാമ്പുകൾ റദ്ദാകുന്നു.

പ്രശ്നത്തിന്‌ പരിഹാരം

* രോഗ വ്യാപനത്തിന്റെ തോത് മനസ്സിലാക്കി അടിയന്തരമായി കഴിയാവുന്നത്ര രക്തം സംഭരിച്ചു സൂക്ഷിക്കുക. കുറഞ്ഞത് 42 ദിവസം വരെ രക്തം ശേഖരിച്ച്‌ സംഭരിക്കാം.

* കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തം നിലയിൽ രക്തബാങ്കുകളോ ആശുപത്രികളോ ഒക്കെയായി സഹകരിച്ച്‌ ക്യാമ്പുകൾ വേഗം സംഘടിപ്പിക്കുക. ഇതിനായി എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി. തുടങ്ങിയവ വഴി കുട്ടികളെ എത്തിക്കുക.

* കോവിഡ് ഒന്നാം ഘട്ടത്തിൽ രക്തദാനത്തിന്‌ രംഗത്തു വന്ന പോലീസ്, ഡി.വൈ.എഫ്.ഐ., സേവാഭാരതി, മറ്റു സന്നദ്ധ സംഘടനകൾ തുടങ്ങിയവയോട്‌ സഹായാഭ്യർഥന നടത്തുക.

* രക്തദാനത്തിനു പോയാൽ കോവിഡ്‌ രോഗം വന്നേക്കുമെന്നുള്ള ആശങ്ക അകറ്റാൻ ബോധവത്കരണം നടത്തുക.

അടിയന്തര ശ്രദ്ധ വേണം

ശ്രദ്ധയോടെയും ദീർഘവീക്ഷണത്തോടെയും പെരുമാറേണ്ടത് അത്യാവശ്യമാണ്. രോഗവ്യാപനത്തിന്റെ തോതു നോക്കുമ്പോൾ, ആവശ്യമായ മുൻകരുതൽ ഇപ്പോഴേ ഉണ്ടായില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകാം. രക്തദാതാക്കളുടെ കോവിഡ് റാപ്പിഡ് ടെസ്റ്റിന്‌ സൗകര്യമുണ്ടാകണം. 70 ശതമാനവും രക്തം കിട്ടുന്നത് ക്യാമ്പുകളിൽനിന്നാണ്. ഇതാണ് നിലയ്ക്കുന്നത്.

- ഡോ. എൻ. വിജയകുമാർ

ആലുവ ഗവ. ഹോസ്പിറ്റൽ രക്തബാങ്ക്

മെഡിക്കൽ ഓഫീസർ

ആശങ്കകളുണ്ട്; ക്യാമ്പ് വേണം

വിദ്യാർഥികൾക്ക്‌ ആശങ്കകളുണ്ട്. അവരെക്കാൾ മാതാപിതാക്കളാണ് പേടിക്കുന്നത്. കോളേജുകൾ സ്വന്തം നിലയ്ക്ക്‌ ക്യാമ്പ് നടത്തി രക്തം സംഭരിച്ച്‌ നൽകണം. യുവാക്കളിൽ രോഗം പടരുകയോ കുത്തിവെപ്പ്‌ വ്യാപകമാവുകയോ ചെയ്തേക്കാം എന്നത്‌ കണ്ടുകൊണ്ടുതന്നെ പ്രവർത്തിക്കണം.

- ഡോ. തോമസ് കെ.വി.

പ്രിൻസിപ്പൽ, നിർമല കോളേജ് മൂവാറ്റുപുഴ

മടിയും പേടിയുമില്ല

രക്തദാനത്തിന് മടിയോ പേടിയോ ഇല്ല. തിങ്കളാഴ്ചയും രക്തം നൽകി. കൂടുതൽ കുട്ടികൾ സന്നദ്ധരാണ്. പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുള്ള എല്ലാ പ്രവർത്തനങ്ങളിലും ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ ഒറ്റക്കെട്ടായി ഉണ്ടാകും. കോളേജിലെ സന്നദ്ധ സംഘടനകളും ഇതിനൊപ്പം നിൽക്കും.

- അഭിഷേക് വിജയൻ

ബി.കോം. വിദ്യാർഥി, നിർമല കോളേജ്, മൂവാറ്റുപുഴ