കൂത്താട്ടുകുളം: പെൺ നായക്കുട്ടികൾ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു. തിരുമാറാടിയിൽ കഴിഞ്ഞ ദിവസം രാത്രി നാല്‌ പെൺ നായക്കുട്ടികളെ നാട്ടുകാർ തെരുവിൽ കണ്ടെത്തി. ഇവയെ സംരക്ഷിക്കുന്നതിന്‌ പഞ്ചായത്തംഗം നെവിൻ ജോർജ് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ശ്രമം വിജയിച്ചു. രാത്രിതന്നെ നാലുപേരെത്തി നായക്കുട്ടികളെ ഏറ്റുവാങ്ങി.

പെൺ നായക്കുട്ടികളെ വഴിയിലുപേക്ഷിക്കുന്നത് വർധിക്കുന്നതുമൂലം തെരുവുനായ്ക്കളുടെ എണ്ണവും കൂടുകയാണ്. തെരുവിലെ നായക്കുട്ടികളെ ഏറ്റെടുക്കുന്നതിന്‌ സർക്കാർ സംവിധാനങ്ങളില്ല. മൂവാറ്റുപുഴയിലെ ‘ദയ’ ഉൾപ്പെടെ ജില്ലയിൽ നാല്‌ സന്നദ്ധ സംഘടനകൾ നായകളുടെ സംരക്ഷണ രംഗത്തുണ്ട്. എന്നാൽ, സംരക്ഷിക്കാവുന്നതിന്റെ പരിധി കഴിഞ്ഞുവെന്ന്‌ സംഘടനാ പ്രവർത്തകർ പറയുന്നു.

മട്ടാഞ്ചേരിയിൽ സ്വകാര്യ വ്യക്തിയും നായകളെ ഏറ്റെടുത്തിരുന്നെങ്കിലും എണ്ണം കൂടിയതോടെ നിർത്തേണ്ട സ്ഥിതിയിലെത്തി.

2019-ൽ കേന്ദ്ര കണക്കനുസരിച്ച്‌ എട്ടു ലക്ഷം തെരുവുനായ്ക്കൾ കേരളത്തിലുണ്ട്. അവയെ വന്ധ്യംകരിക്കുന്നതിനുള്ള പദ്ധതികളടക്കം മുടങ്ങിക്കിടക്കുകയാണെന്ന്‌ മൃഗസംരക്ഷണ സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു.

സഹായം ലഭ്യമാക്കണം

കോവിഡ് കാലത്ത് തെരുവിലലയുന്ന നായ്ക്കൾക്കു വരെ ഭക്ഷണം നൽകണമെന്ന് പ്രഖ്യാപിച്ച സർക്കാർ നായ്ക്കളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകൾക്ക്‌ സഹായം നൽകുന്നില്ല. ദിവസം ആയിരത്തിലധികം രൂപ ചെലവാകുന്നുണ്ട്. മൃഗസംരക്ഷണ വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം

- അമ്പിളി രമേശ്

കോ-ഓർഡിനേറ്റർ, ദയ, മൂവാറ്റുപുഴ

കേസെടുക്കണം

നായക്കുട്ടികളെ തെരുവിൽ ഉപേക്ഷിക്കുന്നത് മൃഗപീഡനമാണ്. ഇത്തരക്കാരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. നായക്കുട്ടികളെ സംരക്ഷിക്കാൻ ഉടമസ്ഥർ തയ്യാറാകണം

- ഡോ. ഈപ്പൻ ജോൺ

സീനിയർ വെറ്ററിനറി സർജൻ, കൂത്താട്ടുകുളം

എന്റെ മക്കളെപ്പോലെയാണിവർ

കൂത്താട്ടുകുളം: വഴിയിൽനിന്ന്‌്‌ കിട്ടുന്ന നായക്കുട്ടികളെ മക്കളെപ്പോലെ പോറ്റിവളർത്തുന്ന ഒരു വീട്ടമ്മയുണ്ട് കൂത്താട്ടുകുളത്ത്, ഇടയാർ കൊല്ലംപടിയിൽ ശാലിനി. മറ്റു വീട്ടുകാർ ഉപേക്ഷിച്ചവയുൾപ്പെടെ ഏഴ്‌ നായ്ക്കളെയാണ്‌ ശാലിനി തീറ്റിപ്പോറ്റുന്നത്. വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണത്തിന്റേയും വീതം നായക്കുട്ടികൾക്കുമുണ്ട്. അസുഖങ്ങളുണ്ടായാൽ കൂത്താട്ടുകുളത്തെ മൃഗാശുപത്രിയിലെത്തിക്കും.

കെട്ടിട നിർമാണ തൊഴിലാളിയായ ഭർത്താവ് ജോർജ്, മക്കളായ ബിരുദ വിദ്യാർഥിനി രേഷ്മ, പ്ലസ്ടു വിദ്യാർഥിനി രേവതി, അഞ്ചാം ക്ലാസുകാരൻ രഞ്ജിത്, രണ്ട് വയസ്സുകാരൻ രോഹിത് എന്നിവരുൾപ്പെട്ടതാണ് ശാലിനിയുടെ കുടുംബം.

നായക്കുട്ടികൾക്കും ഓരോ പേരുണ്ട്, ജോബിക്കുട്ടൻ, റൂബി, ജിമ്മിക്കുട്ടൻ, കുക്കുറു, നിക്കു, പപ്പിക്കുട്ടി എന്നിങ്ങനെ. ശാലിനി ഇവയെ പട്ടി, നായ് എന്നീ വാക്കുകൾ വിളിക്കാറില്ല. കുട്ടൻ, കൊച്ച്, മോൻ എന്നിങ്ങനെയാണ് വിളിപ്പേരുകൾ.