കാക്കനാട് : ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നടപടികൾ ജില്ലാ ഭരണകൂടം വേഗത്തിലാക്കി.

ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത വികസനത്തിന്റെ ഭാഗമായി വടക്കേക്കര, നോർത്ത് ഇടപ്പള്ളി വില്ലേജുകളിലെ സർവേ പൂർത്തിയായി. ആലങ്ങാട് വില്ലേജിൽ 80 ശതമാനവും ചേരാനെല്ലൂരിൽ 60 ശതമാനവും മൂത്തകുന്നം വില്ലേജിൽ 90 ശതമാനവും സർവേ പൂർത്തിയായി. ഇതിനുശേഷം പറവൂർ, വരാപ്പുഴ, കൊട്ടുവള്ളി വില്ലേജുകളിലെ സർവേ ആരംഭിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത വികസന അവലോകന യോഗത്തിലാണ് നിലവിലെ സ്ഥിതി വിലയിരുത്തിയത്. ഓഗസ്റ്റ് 18-ന് ആരംഭിച്ച കല്ലിടൽ സെപ്റ്റംബർ 29-ഓടെ പൂർത്തിയായിരുന്നു. നവംബർ പകുതിയോടെ സർവേ നടപടികൾ പൂർത്തിയാക്കി നവംബർ അവസാന വാരത്തോടെ 3 ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലാ വികസന കാര്യ കമ്മിഷണർ അഫ്സാന പർവിൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.