പെരുമ്പാവൂർ : ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ, കർഷകത്തൊഴിലാളിയായിരുന്ന അമ്മയോടൊപ്പം ചെങ്കൊടിയേന്തി താലൂക്ക് ഓഫീസ് പിക്കറ്റിങ് സമരത്തിൽ പങ്കെടുത്തതിന്റെ ഓർമ പങ്കുവെയ്ക്കുന്നു പെരുമ്പാവൂർ മുനിസിപ്പാലിറ്റി പാറപ്പുറം 25-ാം വാർഡിലെ എസ്.സി. സ്ഥാനാർഥിയായ പി.സി. ബാബു. "ഞാനെപ്പോഴും ചെളിയിലാണ് ജോലി ചെയ്യുന്നത്‌. എന്റെ വിയർപ്പിനുപോലും ചുവപ്പുനിറമാണ്. പാർട്ടി പറഞ്ഞാൽ ഞാൻ അനുസരിക്കും" -ബാബു പറഞ്ഞു.

പെരുമ്പാവൂർ മേഖലയിലെ വിറക് ലോഡ് യൂണിയൻ (സി.ഐ.ടി.യു.) അംഗമാണ്‌ മുള്ളൻകുഴി പാത്തിക്കൽ വീട്ടിൽ ബാബു. സാമ്പത്തിക പരാധീനത മൂലം പ്രീഡിഗ്രി കഴിഞ്ഞ് പഠനം തുടരാനാവാതെ 25-ാം വയസ്സിൽ ലോഡിങ്‌ തൊഴിൽ തുടങ്ങി. വിദ്യാർഥിയായിരുന്ന കാലത്ത് എസ്.എഫ്.ഐ.യിൽ തുടങ്ങി, ഡി.വൈ.എഫ്.ഐ. കഴിഞ്ഞ് സി.പി.എം. പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗമായി. തൊണ്ണൂറുകളിലെ സാക്ഷരതാ പ്രവർത്തനത്തിൽ മേഖലയിലെ ജോയിൻറ്് ‌കൺവീനറായിരുന്നു.

കഴിഞ്ഞ ആദ്യപ്രളയത്തിൽ സ്വന്തംവീട്ടിൽ വെള്ളം കയറിയെങ്കിലും പെരുമ്പാവൂർ ഗേൾസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നേതൃത്വത്തിന്റെ മുന്നിൽനിന്ന് പ്രവർത്തിച്ചു. കോവിഡ് രോഗികൾക്കായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയ്ക്ക് നേതൃത്വം നൽകി.

പാർട്ടി പ്രവർത്തനം ജീവൻപോലെ തന്നെയാണെന്ന്, മുനിസിപ്പാലിറ്റിയിലേക്ക് സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകുന്ന ദിവസം വരെ ലോഡിങ് ജോലി ചെയ്ത പി.സി. ബാബു പറയുന്നു. ഇനി വോട്ടർമാരുടെ മുന്നിൽ എത്താനുള്ള തിരക്കിലാണ് ബാബു..