: ആർക്ക്‌ വോട്ട്‌ രേഖപ്പെടുത്തണമെന്നതിൽ സാഹചര്യങ്ങളും ഭാവിപ്രതീക്ഷകളുമെല്ലാം സ്വാധീനം ചെലുത്തും. ജില്ലയിലെ ഓട്ടോ തൊഴിലാളികളിൽ ചിലർ ആ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നു.

ഭരണമാറ്റം വരണം

ഇടതും വലതും മാറിമാറി ഭരിച്ചിട്ടും ഞങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക്‌ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. റോഡുകൾ നന്നാക്കിയെന്നാണ് അവകാശവാദം. റോഡിലേക്കിറങ്ങി നന്നായി നോക്കിയാൽ സത്യാവസ്ഥ കാണാം. കലൂർ-കടവന്ത്ര റോഡ്, പോണോത്ത് റോഡ് അങ്ങനെ ഏതു റോഡിൽ ചെന്നാലും പൊളിച്ചിട്ടിരിക്കുന്നതു കാണാം. ഈ റോഡിലൂടെ എങ്ങനെയാണ് വണ്ടിയോടിച്ചു ജീവിക്കുന്നത്, വണ്ടിയും കേടാകും ഞങ്ങളെപ്പോലെയുള്ളവരും ബുദ്ധിമുട്ടും.

ഇനിയും പഴയ സർക്കാരുകൾ വരണമെന്നാഗ്രഹമില്ല. ഭരണമാറ്റമാണ് വേണ്ടത്. ജനനന്മയ്ക്കായി പ്രവർത്തിക്കുന്ന സർക്കാർ ഭരണത്തിലെത്തണം.

-ജോബിൻ ജോയ്, കലൂർ

സംരക്ഷണവും കരുതലുമാണ് പ്രധാനം

ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിക്കാലത്തും പട്ടിണികിടക്കാതെ ജീവിക്കാൻ സംവിധാനമൊരുക്കിയത് വലിയ കാര്യമാണ്. എന്നെപ്പോലുള്ള ഓട്ടോ തൊഴിലാളികൾക്ക്‌ റേഷൻകട വഴി ലഭിക്കുന്ന കിറ്റ് വളരെ ആശ്വാസം പകരുന്നു. ഇത്തരം സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. ആരോഗ്യമേഖലയിലും വലിയ സംരക്ഷണമാണ് ലഭിച്ചത്. പാചകവാതകം, പെട്രോൾ, ഡീസൽ വിലവർധന തൊഴിലാളികളായ ഞങ്ങളെ വല്ലാതെ ബാധിച്ചു. ദൈനംദിന ജീവിതം താളംതെറ്റി. അതിനൊരു പരിഹാരമുണ്ടാക്കുന്ന നല്ല സർക്കാർ കേരളത്തിൽ വരണം. ഏതു പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന്‌ ഉറപ്പു നൽകുന്ന സർക്കാരാണ് ജനത്തിനാവശ്യം

-ജിമ്മി മാനാടൻ, അങ്കമാലി

ഇ.എസ്.ഐ. വേണം, ജി.എസ്.ടി. നടപ്പാക്കണം

ഓട്ടോ തൊഴിലാളികൾക്ക് ഇ.എസ്.ഐ. ആനുകൂല്യം നല്കണമെന്ന ആവശ്യം പരിഗണിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. എപ്പോഴും അപകടസാധ്യതയുള്ള സാധാരണക്കാരാണ് ഓട്ടോ തൊഴിലാളികൾ. സർക്കാരുകൾ മാറിമാറി വന്നിട്ടും ഞങ്ങളെ സംരക്ഷിക്കുന്ന ഇത്തരം പദ്ധതികൾ നടപ്പാക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഇതു നടപ്പാക്കേണ്ടത്. അതിന്‌ സംസ്ഥാന സർക്കാർ തയ്യാറാകണം. അതിൽ രാഷ്ട്രീയം നോക്കരുത്. ക്ഷേമനിധി അംഗത്വമുള്ള ഈ രംഗത്തെ തൊഴിലാളികളെ കണ്ടെത്താൻ പാടൊന്നുമില്ല.

പെട്രോളും ഡീസലും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തി വില കുറയ്ക്കണം. വില കുറഞ്ഞാലേ ഓരോ ദിവസവും ഓട്ടം കഴിയുമ്പോൾ എന്തെങ്കിലും ബാക്കിയുണ്ടാവൂ.

-പി.ജി. മനോജ്, മൂവാറ്റുപുഴ

ഇന്ധന വിലവർധന നടുവൊടിക്കുന്നു

മുമ്പ് 100 രൂപയുടെ പെട്രോളടിച്ചാൽ 350 രൂപ വരുമാനം കിട്ടും. ഇപ്പോൾ 250 രൂപ പോലും കിട്ടുന്നില്ല. ദിവസവും പെട്രോൾവില കൂടുന്നു. ഇത് ഓട്ടോ തൊഴിലാളികളെ വലയ്ക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് സാധാരണ തൊഴിലാളികൾക്ക്‌ ദുരിതമാകുന്നത്. ജീവിക്കാൻ കഴിയാത്ത സാഹചര്യമായി.

കോവിഡ്കാലത്ത് സംസ്ഥാന സർക്കാർ വലിയ ആശ്വാസമാണ് തന്നത്. 3,000 രൂപ ക്ഷേമനിധി കിട്ടി, കിറ്റുകളും കിട്ടി. അതുകൊണ്ട്‌ കാര്യമായ പ്രശ്നമുണ്ടായില്ല. എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും അത്‌ വലിയ ആശ്വാസമാണ് നൽകിയത്. അതുകൂടി ഇല്ലായിരുന്നെങ്കിൽ ആളുകൾ പട്ടിണിയിലായേനെ.

-പ്രസാദ് പളനി, പള്ളുരുത്തി