: ജനസാന്ദ്രയേറിയ ദ്വീപുകളിൽ ലോകത്തിൽ 58-ാം സ്ഥാനമാണ് വൈപ്പിന്. അതിരാവിലെ അവിടെ ജീവിതം സജീവമാകും. മുനമ്പം-വൈപ്പിൻ റോഡിൽ ആ തിരക്ക്‌ പ്രകടം. കൂടുതലും ഇരുചക്ര വാഹനങ്ങൾ. ജീവിതവഴികൾ തേടി അതിവേഗത്തിൽ എറണാകുളം നഗരത്തിലേക്കടക്കം പായുകയാണവ.

വീതി കുറഞ്ഞതാണ്‌ മുനമ്പം-വൈപ്പിൻ പാത. അതിനോടു ചേർന്ന് ചെറിയ ചെറിയ വീടുകളും ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും. സാധാരണ ജീവിതത്തിന്റെ അടയാളങ്ങൾ. കുടിവെള്ളം, നല്ല റോഡ്... അടിസ്ഥാന ആവശ്യങ്ങളേ അവർ ഉന്നയിക്കുന്നുള്ളു, അതു തുറന്നുപറയും.

തീരദേശത്തെ അടുത്തറിയുന്ന എസ്. ശർമ ഇത്തവണ മത്സര രംഗത്തില്ല. അതുകൊണ്ടുതന്നെ, വൈപ്പിനിലെ മത്സരത്തിന്‌ മുൻപില്ലാത്ത ഒരു പോരാട്ടച്ചൂരുണ്ട്. സ്ഥാനാർഥികൾ മൂവരും പുതുമുഖങ്ങളാണെന്ന ആവേശവും. അടിസ്ഥാന ആവശ്യങ്ങളിൽ ഉറപ്പുനല്കിയാണ് ഒാരോ സ്ഥാനാർഥിയും വൈപ്പിനിൽ വോട്ട് തേടുന്നത്.

വികസനത്തുടർച്ചയ്ക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ

‘വയലാറിലെ ജ്വലിച്ച കനലുകൾ അണയുകയില്ലല്ലോ...’ -ചെറായി കോൺവന്റ് ബീച്ചിലെ ചെറിയ ജങ്ഷനിൽ ‘കൊച്ചി പാണ്ഡവാസ്’ കലാജാഥ സംഘം പാടിത്തിമിർക്കുന്നു. ഇതിനിടയിലേക്ക് ഇരുചക്ര വാഹനത്തിൽ ഇടതു സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ വന്നിറങ്ങി. ഇടവഴിയിലേക്ക്‌ വോട്ടുതേടി ബൈക്കിൽ പോയതാണ്. ഇടതുമുന്നണി മണ്ഡലത്തിൽ വാഹനപര്യടനം തുടങ്ങി. ശനിയാഴ്ച രാവിലെ പള്ളിപ്പുറത്ത് എസ്. ശർമ ഉദ്ഘാടനം നിർവഹിച്ചു. കൃത്യമായ ആസൂത്രണത്തോടെ വാഹനജാഥ ഒരോ കേന്ദ്രങ്ങളും പിന്നിട്ടു.

ഭരണത്തുടർച്ചയ്ക്കാണ് ഉണ്ണികൃഷ്ണൻ വോട്ട് ചോദിക്കുന്നത്. എതിരാളികളില്ലാത്ത സർക്കാരാണ്. പ്രതിസന്ധിയിൽ മുന്നിൽനിന്നു നയിച്ച മുഖ്യമന്ത്രിയും. നിപയും പ്രളയവും കോവിഡും ഫലപ്രദമായി നേരിട്ടു. ക്ഷേമ പെൻഷൻ 600-ൽനിന്ന് 1,600 ആക്കി. ഇടതു സർക്കാർ വീണ്ടും വന്നാൽ അത് 2,500 രൂപയാക്കും.

ശ്രീനാരായണ ഗുരുവിനെയും സഹോദരൻ അയ്യപ്പൻ, ചെമ്പിൽ അരയൻ, സർവോദയം കുര്യൻ, ദാക്ഷായണി വേലായുധൻ അടക്കമുള്ള ദ്വീപ് വാസികളായ നവോത്ഥാന നായകരെയും പരാമർശിച്ച് ചെറിയ പ്രഭാഷണം. അത്‌ തീരവാസികളുടെ അടിസ്ഥാന ആവശ്യങ്ങളിലേക്കെത്തും. എസ്. ശർമ തുടങ്ങിവെച്ച വികസനത്തിന്റെ തുടർച്ചയ്ക്കായി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുതേടി അടുത്ത കേന്ദ്രത്തിലേക്ക്. വീടിന്റെ പൂമുഖത്ത് കാത്തുനില്ക്കുന്നവരെ കൈവീശിയുള്ള യാത്രയിൽ ആത്മവിശ്വാസം പ്രകടം.

സൗമ്യനായി ദീപക് ജോയ്

യൂത്ത് കോൺഗ്രസിന്റെ ദേശീയ കോ-ഓർഡിനേറ്റർമാരിൽ ഒരാളാണ് വൈപ്പിനിലെ യു.ഡി.എഫ്. സ്ഥാനാർഥി ദീപക് ജോയ്. കൊച്ചി കോർപ്പറേഷനിലെ കഴിഞ്ഞതവണത്തെ കൗൺസിലർ. ചെറുപ്പത്തിന്റെ ചുറുചുറുക്ക്. മണ്ഡലത്തിലാകെ ഓടിയെത്താനുള്ള തിരക്കിലും സൗമ്യഭാവം കൈവിടുന്നില്ല ഈ 37-കാരൻ.

വൈപ്പിനിലെ സ്ഥാനാർഥിനിർണയം വൈകിയതിനാൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രചാരണ രംഗത്തിറങ്ങാൻ കഴിഞ്ഞത്. പ്രധാന വ്യക്തികളെ നേരിൽക്കണ്ടും പൊതുസ്ഥാപനങ്ങൾ അടക്കം സന്ദർശിച്ച്‌ പിന്തുണ തേടിയും ആദ്യഘട്ടം പിന്നിടുന്നതേയുള്ളു.

മാലിപ്പുറത്തെ വ്യാപാരശാലകളിലൂടെയും മറ്റും വോട്ടുതേടി ശനിയാഴ്ച രാവിലെ ഇറങ്ങിയതാണ്. യുവാവായ സ്ഥാനാർഥിയോടുള്ള അടുപ്പം വോട്ടർമാരിൽ പ്രകടമാണ്. ആ സ്വാതന്ത്ര്യത്തോടെയാണ് അവരുടെ സംസാരവും.

മാലിപ്പുറം കടപ്പുറത്തിന്‌ സമീപമുള്ള ചെമ്മീൻ പീലിങ് ഷെഡ്ഡിൽ 20-ഓളം സ്ത്രികൾ ജോലി ചെയ്യുന്നു. കോവിഡ്കാലത്ത് അടഞ്ഞുകിടന്ന പീലിങ് ഷെഡ്ഡ് ഏതാനും മാസം മുൻപാണ് തുറന്നത്. വിദേശത്തേക്ക്‌ കയറ്റി അയയ്ക്കുന്ന ‘ബ്രൗൺ ചെമ്മീൻ’ നുള്ളുന്ന സ്ത്രികൾക്കിടയിൽ അവരിലൊരാളായി ദീപക് മാറി.

‘സൗജന്യമൊന്നുമല്ല, വഴിയും വെള്ളവുമാണ്‌ വേണ്ടത്‌’ -അവർ ഒന്നായി പറഞ്ഞപ്പോൾ, എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് ദീപക്കിന്റെ ഉറപ്പ്. സൂര്യൻ കത്തിനിൽക്കുമ്പോഴും മാലിപ്പുറം കടപ്പുറത്തേക്കുള്ള റോഡിൽ ഉപ്പുവെള്ളം നിറയുന്നതായിരുന്നു അവരുടെ ആവശ്യത്തിന്‌ കാരണം. ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്കി ദീപക് അടുത്ത കേന്ദ്രത്തിലേക്ക്‌ നീങ്ങുമ്പോൾ ആ സ്ത്രികളുടെ മുഖങ്ങളും പ്രസന്നം.

ദ്വീപുകാരനായി അഡ്വ. കെ.എസ്. ഷൈജു

വൈപ്പിനിലേക്ക്‌ ഗോശ്രീ പാലം നിർമിക്കുന്നതിനുള്ള പോരാട്ടങ്ങളിൽ കണ്ണിയായിട്ടുണ്ട് എൻ.ഡി.എ.യുടെ സ്ഥാനാർഥി അഡ്വ. കെ.എസ്. ഷൈജു. വൈപ്പിൻകാരുടെ ഒരോ പ്രശ്നങ്ങളും തന്റെയും പ്രശ്നമാണെന്ന് ഷൈജു. പാലമൊക്കെ തീർത്ത്‌ യാത്രയൊക്കെ സുഗമായപ്പോൾ നഷ്ടമായ എറണാകുളം-വൈപ്പിൻ ബോട്ടുയാത്രയുടെ ആഹ്ലാദം മനസ്സിൽ താലോലിക്കുന്ന സാധാരണക്കാരൻ. വൈപ്പിൻകാരൻ എന്ന സ്വാതന്ത്ര്യം വോട്ട് തേടിയുള്ള യാത്രയിൽ ഷൈജു അനുഭവിച്ചറിയുന്നുണ്ട്.

‘ഓരോ ദിവസവും ആയിരം വീടുകളിൽ നേരിട്ടു കയറി വോട്ട് തേടുകയാണ്‌ ലക്ഷ്യം’ എന്ന് ഷൈജു പറഞ്ഞു. വോട്ടർമാരോട് കാര്യങ്ങൾ നേരിട്ടുപറയുക. അതിലൂടെ ഒരു വീട്ടിൽനിന്ന്‌ രണ്ട്‌ വോട്ടെങ്കിലും സ്വന്തമാക്കുക. അങ്ങനെയെങ്കിൽ 40,000 വോട്ട്‌ കണക്കുകൂട്ടി തന്നെയാണ് ഒരോ നീക്കവും.

അടിസ്ഥാന ആവശ്യങ്ങൾക്കു പുറമെ വൈപ്പിനിൽ മത്സ്യ സംസ്കരണ ഫാക്ടറി സ്ഥാപിച്ച്‌ പുതിയ തൊഴിൽസാധ്യത തുറക്കുക എന്ന ആശയും വോട്ടർമാരുടെ മുന്നിൽ വയ്ക്കുന്നുണ്ട്. പുതുവൈപ്പ് എൽ.എൻ.ജി. ടെർമിനലിന്റെ പ്രയോജനം വൈപ്പിൻ നിവാസികൾക്കും ലഭ്യമാക്കണമെന്നും ഷൈജു പറയുമ്പോൾ പുതുവൈപ്പ് നിവാസികളും ആ നിലപാടിന് പിന്തുണ നല്കുന്നു.

മാലിപ്പുറം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം

രണ്ടു വർഷം മുൻപ്‌ വാങ്ങിയ ബി.എസ്.എ. സൈക്കിൾ വരെ ഈ ഉപ്പുവെള്ളത്തിലൂടെ ഓടിച്ച്‌ നശിച്ചു. ആരു വന്നാലും മാലിപ്പുറം ബീച്ച് റോഡ് ഉയർത്തി വെള്ളക്കെട്ട് പരിഹരിക്കണം.

-രാജു, കുടിലങ്കത്തറ, മാലിപ്പുറം

പൈപ്പിലൂടെ വെള്ളവും കിട്ടണം

മാസം 600 രൂപ കുടിവെള്ളത്തിന്‌ നല്കുന്നു. പക്ഷേ, പൈപ്പിൽ വെള്ളം മാത്രം കിട്ടില്ല. വഴിയോരത്തെ പൊതു ടാപ്പിൽനിന്നാണ് വെള്ളമെടുക്കുന്നത്. അതിനൊരു പരിഹാരം ഉണ്ടാകണം

-ഭാസി, ചിന്നൂസ് ബേക്കറി, മുരിക്കുംപാടം