കൊച്ചി: പാർട്ടികൾക്കുള്ളിലെ അസംതൃപ്തിയാണ്‌ കളമശ്ശേരിയിലെ മുന്നണി സ്ഥാനാർഥികളെ വലയ്ക്കുന്നത്. എല്ലാവരുടെയും തിരഞ്ഞടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ ഉഷാറായി പോകുന്നുണ്ട്. വാശിക്കും കുറവില്ല. പക്ഷേ, മൂന്നു മുന്നണികളും ഭയക്കുന്നത് ആഭ്യന്തര പ്രശ്നങ്ങളെയാണ്. പുറമെ എല്ലാം പരിഹരിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ, അകമേയെന്തെന്ന് ഇപ്പോൾ പറയാൻ വയ്യ.

യു.ഡി.എഫ്. സ്ഥാനാർഥി നിർണയമാണ് വൈകി നടന്നത്. വിവാദങ്ങളോടെയാണ്‌ സ്ഥാനാർഥി ഇറങ്ങിയതുതന്നെ. മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‌ വീണ്ടും സീറ്റ് നൽകണോ എന്ന ചർച്ച അദ്ദേഹത്തിന്റെ മകൻ വി.ഇ. അബ്ദൾ ഗഫൂറിനെ സ്ഥാനാർഥിയാക്കിയാണ് അവസാനിച്ചത്.

സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞിട്ടും ലീഗിൽ പൊട്ടലും ചീറ്റലും തുടർന്നു. പാണക്കാട് തങ്ങൾ വിളിപ്പിച്ച് എല്ലാം പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും ശങ്ക ബാക്കിയാണ്. ജില്ലയിലെ ലീഗിന് അത്ര എളുപ്പത്തിൽ കാര്യങ്ങൾ അവസാനിപ്പിച്ചു പോകാനാവില്ല. അതിന്റെ അടിയൊഴുക്കുകൾ മണ്ഡലത്തിൽ ഇപ്പോഴും ഉള്ളതായി യു.ഡി.എഫ്. ഭയക്കുന്നു.

ലീഗിൽ മാത്രമല്ല, കോൺഗ്രസിലും ഒരു മടുപ്പ് അടിത്തട്ടിലുണ്ട്. മണ്ഡലം, കോൺഗ്രസ് വാങ്ങണമെന്ന ആവശ്യം യൂത്ത് കോൺഗ്രസും മറ്റും ഉന്നയിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വം അത് ചെവിക്കൊണ്ടില്ല. ലീഗിൽ സ്ഥാനാർഥി നിർണയ തർക്കങ്ങൾ ഉണ്ടായപ്പോഴും സീറ്റ് തിരിച്ചുപിടിക്കണമെന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകരുയർത്തി. എന്നാൽ ലീഗിലെ ആഭ്യന്തരപ്രശ്നം അവർ പരിഹരിച്ചോളുമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.

പാർട്ടിക്കുള്ളിലെ പൊട്ടലും ചീറ്റലും സി.പി.എമ്മിനുള്ളിലും ആദ്യം പ്രതിസന്ധികൾ സൃഷ്ടിച്ചു. സ്ഥാനാർഥിനിർണയത്തിനെതിരേ പോസ്റ്ററുകൾ വന്ന അപൂർവം സ്ഥലങ്ങളിലൊന്നാണ്‌ കളമശ്ശേരി. പാർട്ടിയിൽ ഇപ്പോഴും വിഭാഗീയത കത്തിനിൽക്കുന്നതിനാൽ അതിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടോ എന്ന്‌ പാർട്ടി സൂക്ഷ്മമായി നോക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ഇപ്പോൾ എതിർപ്പുകളെല്ലാം അവസാനിച്ച്‌ പാർട്ടി സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും ‘അന്തർധാരകൾ’ പൂർണമായി വറ്റിയിട്ടില്ലെന്നു തന്നെയാണ് മണ്ഡലത്തിൽനിന്ന്‌ കിട്ടുന്ന സൂചനകൾ.

കളമശ്ശേരിയിൽ എൻ.ഡി.എ. സ്ഥാനാർഥി ബി.ഡി.ജെ.എസിൽ നിന്നാണ്. ഇത് ബി.ജെ.പി. പ്രവർത്തകർക്ക് അത്ര സുഖിച്ചിട്ടില്ല. കളമശ്ശേരിയിൽ ബി.ഡി.ജെ.എസിന്‌ വേണ്ട ശക്തിയില്ലെന്ന ന്യായം പറഞ്ഞ്‌ സീറ്റ്‌ തിരിച്ചുപിടിക്കണമെന്ന ആവശ്യം ബി.ജെ.പി.യിൽ ഉയർന്നു. എന്നാൽ സിറ്റിങ് സീറ്റെന്ന നിലയിൽ അത് ബി.ഡി.ജെ.എസിനു തന്നെ കൊടുത്തു.

ബി.ജെ.പി.ക്ക്‌ കളമശ്ശേരിയുടെ ചില മേഖലകളിൽ നല്ല വേരോട്ടമുണ്ട്. എന്നാൽ ആ മേഖലകളിലടക്കം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്‌ വിചാരിച്ചത്ര ആവേശം കാണുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. വിശ്വാസ സംരക്ഷണ വിഷയം സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ എൻ.ഡി.എ. കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, അതിനുള്ള ഓളം പലയിടത്തും കാണുന്നില്ലെന്നതാണ് പ്രശ്നം.