കാക്കനാട്: ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങൾ ഞായറാഴ്ച വിതരണം ചെയ്യും. കാക്കനാട് കുഴിക്കാട്ടുമൂലയിലുള്ള കേന്ദ്രത്തിൽനിന്ന്‌ രാവിലെ എട്ടു മുതലാണ്‌ വിതരണം. ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഹാജരാകണം.

കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി. പാറ്റ് യന്ത്രം എന്നിവയുടെ വിതരണം എട്ടു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. കൺട്രോൾ യൂണിറ്റുകളുടെ വിതരണമാണ് ആദ്യം. ഓരോ കൗണ്ടറിലും 48 ബോക്സുകൾ ഇതിനായി തുറക്കും. അതത് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളുടെ കൗണ്ടറുകളിലേക്ക്‌ വോട്ടിങ് യന്ത്രങ്ങളെത്തിക്കും. തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് സംരക്ഷണത്തോടെ കവചിത വാഹനങ്ങളിലാണ്‌ സ്‌ട്രോങ് റൂമുകളിലേക്ക് യന്ത്രങ്ങൾ മാറ്റുക. 500-ഓളം ഉദ്യോഗസ്ഥരെയാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്.