കാക്കനാട്: ജില്ലയിൽ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം 26-ന്‌ തുടങ്ങും. 80 കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ്. പോളിങ് ഓഫീസറടങ്ങുന്ന പ്രത്യേക സംഘം അപേക്ഷകർക്ക്‌ വീടുകളിലെത്തി ബാലറ്റുകൾ കൈമാറും.

അപേക്ഷകനെ മുൻകൂട്ടി അറിയിച്ചതിനു ശേഷമാണ് ഇവരെത്തുക. വോട്ട് അപ്പോൾത്തന്നെ രേഖപ്പെടുത്തി വാങ്ങും. ആദ്യതവണ വോട്ടർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ രണ്ടാമതൊരു അവസരം കൂടി കിട്ടും.

പോസ്റ്റൽ ബാലറ്റ് വിതരണത്തിന് 1300 ഉദ്യോഗസ്ഥരെ നിയമിച്ചു. 323 ടീമുകളായി ഇവർ ജില്ലയിൽ ബാലറ്റ് വിതരണം നടത്തും. ടീമിൽ ഒരു മൈക്രോ ഒബ്‌സർവർ, ഒരു പോളിങ് ഓഫീസർ, ഒരു പോളിങ് അസിസ്റ്റന്റ്, ഒരു പോലീസുകാരൻ, ഒരു വീഡിയോഗ്രാഫർ എന്നിവരുണ്ടാകും. ബൂത്ത് ലെവൽ ഓഫീസർമാരും ഇവരെ അനുഗമിക്കും. സഞ്ചരിക്കുന്നതായി വാഹനങ്ങളും നൽകും.

ഉദ്യോഗസ്ഥരുടെ പരിശീലനം 23-നാണ്. മണ്ഡലം അടിസ്ഥാനത്തിലാണ് പരിശീലനം. ജില്ലയിൽ 38,770 പേരാണ് പോസ്റ്റൽ ബാലറ്റിന്‌ അപേക്ഷിച്ചത്.