കൊച്ചി: െചല്ലാനത്തു ചെന്നാൽ കടലേറ്റം മൂലം പൊറുതിമുട്ടുന്ന തീരവാസികൾ... ഇങ്ങേയറ്റത്ത് നഗരത്തിന്റെ എല്ലാ ചിഹ്നങ്ങളും... കൊച്ചി മണ്ഡലം വറുതിയുടെയും പെരുമയുടെയും കഥപറയുന്നു. നീണ്ടുനിവർന്നു കിടക്കുന്ന മണ്ഡലത്തിലൂടെ ഓടിയെത്താൻ പാടുപെടുകയാണ്‌ സ്ഥാനാർഥികൾ. വോട്ടെടുപ്പിലേക്കുള്ള ദൂരം കുറയുന്തോറും ഓട്ടത്തിന്റെ വേഗവും കൂടും. മട്ടാഞ്ചേരി മണ്ഡലം പേരുമാറിയാണ് കൊച്ചി മണ്ഡലമായത്. വലത്തോട്ടും ഇടത്തോട്ടും കൂറുപുലർത്തുന്ന കൊച്ചി പിടിക്കാൻ ഇറങ്ങിയ പ്രധാന മൂന്നു മുന്നണികളുടെ സ്ഥാനാർഥികളും തികഞ്ഞ പ്രതീക്ഷയിലാണ്.

തിരിച്ചുപിടിക്കാൻ ടോണി ചമ്മണി

കൊച്ചി മണ്ഡലത്തിന്റെ പാതിഭാഗത്തുള്ളവർക്കും കൊച്ചി മേയറായിരുന്ന ടോണി ചമ്മണിയെ നേരിട്ടറിയാം. ആ പരിചയം പുതുക്കി വോട്ടാക്കുകയെന്ന ലക്ഷ്യത്തിലാണ്‌ യു.ഡി.എഫ്. സ്ഥാനാർഥി വഴികൾ കയറിയിറങ്ങുന്നത്. തോപ്പുംപടിയിലെ വാടകവീട്ടിൽനിന്ന്‌ രാവിലെ ഏഴു മണിക്കിറങ്ങിയതാണ് ടോണി.

മുൻ എം.പി. കെ.വി. തോമസിന്റെ അനുഗ്രഹം വാങ്ങി കണ്ണമാലി പള്ളിയിലേക്ക്. യൗസേപ്പ് പിതാവിന്റെ നേർച്ചപ്പെരുന്നാളാണ്. അനുഗ്രഹവും വോട്ടും തേടണം.

ടോണി കൂടി എത്തിയതോടെ പള്ളി, സ്ഥാനാർഥിസംഗമ വേദിയായി. ടോണിയുടെ പ്രധാന എതിരാളി എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ജെ. മാക്സിയും എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥി ഷാജി ജോർജും അവിടെ നേരത്തെ ഹാജർ. മാക്സി മുന്നിലും തൊട്ടുപിന്നിൽ ടോണിയുമിരുന്ന് കുർബാന കൂടി. തിരുനാൾ കർമങ്ങൾക്ക്‌ കാർമികനായ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിനൊപ്പം സ്ഥാനാർഥികൾക്ക്‌ ലഘുഭക്ഷണം.

തുടർന്ന്‌ നേരേ കോൺവെന്റിലേക്ക്. കോൺവെന്റിനു മുന്നിൽ കണ്ട കന്യാസ്ത്രീയോട പതിവു സ്റ്റൈലിൽ കൈകൾ കൂപ്പി “സ്ഥാനാർഥിയാണ്... സഹായിക്കണം” എന്ന രണ്ടു വാക്കുകൾ. സമയം കളയാതെ വോട്ടുപിടിക്കാൻ കോൺവെന്റിനകത്തേക്ക്.

പുറത്തിറങ്ങി ധൃതിപിടിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക്. ഒരു മണിയോടെ മാനാശ്ശേരി പള്ളിയിലെത്തി. വോട്ടുപിടിക്കും മുമ്പേ വിശ്വാസികൾക്കൊപ്പമിരുന്ന് ഊട്ടുനേർച്ച. സദ്യ ‘ബ്രഞ്ചാക്കി’ വിശപ്പുമാറ്റി. പിന്നാലെ വോട്ടുപിടിത്തം.

വൈകീട്ട് ബൈക്ക് റാലിയിൽ അണിചേർന്ന്‌ യുവാക്കളുടെ പിന്തുണ ഉറപ്പാക്കി. രാത്രി ഒമ്പതോടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലേക്ക്.

മാക്സിക്ക് സമയം കിറുകൃത്യം

: രാവിലെ 6.45-ന് വീട്ടിൽ നിന്നിറങ്ങി ഏഴിന്‌ പ്രചാരണം തുടങ്ങുന്നിടത്തെത്തും... ഇതാണ് കെ.ജെ. മാക്സി എം.എൽ.എ.യുടെ രീതി. കൃത്യസമയത്ത്‌ പറഞ്ഞ സ്ഥലത്ത് എത്തണമെന്ന്‌ നിർബന്ധം. വെള്ളിയാഴ്ച യൗസേപ്പ് പിതാവിന്റെ നേർച്ചപ്പെരുന്നാളു കൂടാൻ ഭാര്യ ഷീലയെയും കൂട്ടി കണ്ണമാലി പള്ളിയിലെത്തിയ മാക്സി അവിടെ പ്രചാരണത്തിന്‌ തുടക്കമിട്ടു.

കുർബാന കൂടിയശേഷം പള്ളിക്കു പുറത്തെത്തിയപ്പോൾ ടോണിയുമായി സൗഹൃദ സംഭാഷണം. വിജയാശംസ നേർന്ന്‌ പിരിഞ്ഞു. പിന്നാലെ കോൺവെന്റിലേക്ക്. പുറത്തിറങ്ങിയ മാക്സി ജനങ്ങൾക്കിടയിലേക്ക്. എല്ലാവരെയും നേരിട്ടറിയുന്ന പോലെയാണ്‌ സ്ഥാനാർഥിയുടെ സംസാരവും ഇടപെടലും. പി.എ.യൊന്നും കൂടെയില്ല. എവിടെ പോകുന്നോ, അവിടത്തെ പാർട്ടിക്കാരോടൊപ്പം ജനങ്ങൾക്കിടയിലേക്കിറങ്ങും. വോട്ടഭ്യർഥനയും വ്യത്യസ്തം. കൈകൂപ്പി വോട്ട് പിടിക്കൽ കുറവ്. സൗഹൃദപരമായ ഇടപെടലിലൂടെ വോട്ട് അഭ്യർഥിക്കും.

അവിടെനിന്ന്‌ എം.എൽ.എ. ഓഫീസിലേക്ക്. മത്സരിക്കുമ്പോഴും എം.എൽ.എ. എന്ന കർത്തവ്യം മുടക്കാറില്ല. ഓഫീസിലെത്തി ആളുകളുടെ പ്രശ്നങ്ങൾ കേൾക്കും. എല്ലാവരെയും കണ്ട ശേഷമേ ഓഫീസിൽ നിന്നിറങ്ങാറുള്ളു. മൂന്നു മണിക്ക്‌ തോപ്പുംപടിയിലെ വീട്ടിലെത്തി ഉച്ചയൂണ്‌ കഴിച്ചു. ഏതാനും മിനിറ്റ് വിശ്രമം. മൂന്നരയോടെ പനയപ്പിള്ളി കോർപ്പറേഷൻ കോളനിയിലെ വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർഥന. പിന്നീട് വിശ്രമമില്ലാത്ത പ്രചാരണം. എട്ടരയോടെ വീണ്ടും എം.എൽ.എ. ഓഫീസിലേക്ക്. അപ്പോഴും ചിലർ കാത്തുനിന്നിരുന്നു. എല്ലാത്തിനും പരിഹാരം നിർദേശിച്ചശേഷം പത്തോടെ വീട്ടിലേക്ക്.

ചിരിയിലാണ് മുത്തുവിന്റെ പ്രതീക്ഷ

: എൻ.ഡി.എ. സ്ഥാനാർഥി സി.ജി. രാജഗോപാൽ എന്ന ‘മുത്തു’ താമസമടക്കം കൊച്ചിയിലേക്ക്‌ മാറ്റി. അകന്ന ബന്ധുവിന്റെ ചെറളായിയിലെ വീട്ടിൽ തങ്ങിയ മുത്തു, ഏഴു മണിയോടെ പ്രചാരണ രംഗത്തേക്കിറങ്ങി രാവിലെ തോപ്പുംപടി മിനി സ്റ്റേഡിയത്തിൽ. പന്തുതട്ടിയും പ്രഭാത നടത്തിനെതിയവരോട്‌ വോട്ടുചോദിച്ചും മുത്തു ജോലി തുടങ്ങി.

മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിനെ സന്ദർശിച്ച് അനുഗ്രഹം തേടി. പ്രതീക്ഷ നഗറിലെ കോളനിയിലെത്തിയപ്പോൾ വോട്ടർമാർക്ക്‌ പറയാനുണ്ടായിരുന്നത്‌ പട്ടയപ്രശ്നങ്ങൾ. അതെല്ലാം സശ്രദ്ധം കേട്ടു.

പ്രവർത്തകന്റെ വീട്ടിലെത്തി പ്രഭാതഭക്ഷണം. പത്രിക നൽകാനുള്ള ചില എഴുത്തുകുത്തുകൾക്കു ശേഷം 11.30-ന് മാനാശ്ശേരി പള്ളിയിലേക്ക്. ഊട്ടുനേർച്ച സദ്യയിൽ വിളമ്പുകാരനായി കൂടി. തന്റെ ട്രേഡ് മാർക്ക് ചിരിയുമായി ആ വെള്ള ഷർട്ടുകാരൻ അവിയൽ വിളമ്പാൻ തുടങ്ങി. കുശലം ചോദിച്ചും ചില തമാശകളിറക്കിയും വിളമ്പൽ തുടർന്നപ്പോൾ കുട്ടികളിൽ ചിലർക്ക്‌ സംശയം: ‘ആരാ ആ ചേട്ടൻ?’

പള്ളിയിലെത്തിയവരെ നേരിൽകണ്ട് വോട്ടുതേടി. കൈകൾ കൂപ്പിയുള്ള ചിരി തന്നെയാണ് മുത്തുവിന്റെ മെയിൻ, വോട്ട് ചോദിക്കൽ കുറവാണ്. ഇതിനിടെ, തുറയിലെ മൂപ്പൻ ക്ലീറ്റസിനെ കണ്ടുമുട്ടി. ക്ലീറ്റസിന് പറയാനുള്ളത് പുലിമുട്ടിനെക്കുറിച്ചാണ്. നേർച്ചസദ്യ കഴിച്ചശേഷം മൂപ്പനുമായി കടൽത്തീരത്തേക്ക്.

‘‘എൽ.ഡി.എഫ്. സർക്കാരല്ല, താനായിരിക്കും ഒപ്പമുണ്ടായിരിക്കുക’’ എന്ന ഉറപ്പാണ് മുത്തു നൽകുന്നത്. തുടർന്ന്‌ കണ്ണമാലി പള്ളിയിലേക്ക്. വിശ്വാസികളെ കണ്ടും വീടുകൾ കയറിയും പ്രചാരണം. തീരദേശത്തെ വോട്ട് താൻ ഉറപ്പിച്ചെന്നും മുത്തു പറയുന്നു.