മട്ടാഞ്ചേരി: ‘ഇനി ഒരുപക്ഷേ, ഇവിടെ ഒരുമിച്ച് ഇരിക്കാൻ കഴിയില്ല. ജനിച്ചുവളർന്ന കൂടാരങ്ങൾ അവസാനമായി കാണാനെത്തിയതാണു ഞങ്ങൾ’ - മനോജ് പറഞ്ഞു. കൊച്ചി തുറമുഖത്തെ ജീവനക്കാരനാണ് എം.എൻ. മനോജ്. വില്ലിങ്ടൺ ഐലൻഡിൽ പൊളിച്ചുനീക്കുന്ന ക്വാർട്ടേഴ്‌സിനടുത്തു നിന്ന് മനോജ് പറയുന്നു: “തുറമുഖത്തെ ജീവനക്കാരൊക്കെ താമസിച്ചിരുന്ന ഇടമാണിത്. ഞങ്ങൾ ജനിച്ചതും വളർന്നതുമൊക്കെ ഇവിടെയാണ്. ഇതൊക്കെ ഇല്ലാതാകുമ്പോൾ മനസ്സിൽ വല്ലാത്ത പ്രയാസം”.

തുറമുഖ ട്രസ്റ്റ് മുൻ അംഗം സി.എസ്. കർത്താ, ഹൈക്കോടതിയിലെ പ്രോട്ടോക്കോൾ ഓഫീസർ അശോക് കുമാർ, തുറമുഖത്തെ ഉദ്യോഗസ്ഥരായ പി.കെ. സുധീർ, സുരേഷ്, ഗോവിന്ദൻ, വി.കെ. മനോജ്, കോര റോയ്... ഇവരെല്ലാം ചേർന്നാണ് ഐലൻഡിലെ ക്വാർട്ടേഴ്‌സുകൾ അവസാനമായി കാണാനെത്തിയത്.

വില്ലിങ് ഐലൻഡിൽ ജീവനക്കാർ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സുകൾ പൊളിച്ചുനീക്കുകയാണ്. കൊച്ചി തുറമുഖത്തിന്റെ മാത്രമല്ല, കസ്റ്റംസിന്റെയും ക്വാർട്ടേഴ്‌സുകൾ ഇവിടെയുണ്ടായിരുന്നു. കപ്പലുകളും ചരക്കുകളുമൊക്കെ നിറയുന്ന തുറമുഖത്ത്‌ പണ്ടു ധാരാളം ജീവിതക്കാഴ്ചകളുണ്ടായിരുന്നു. ഇപ്പോൾ തുറമുഖത്തു നിന്ന്‌ ജീവിത ചിത്രങ്ങളൊക്കെ മാഞ്ഞു. കൊച്ചി തുറമുഖത്തു താമസിച്ചിരുന്നവർ പത്തു വർഷം മുമ്പ് ഇവിടെ ഒത്തുചേർന്നിരുന്നു. വില്ലിങ്ടൺ ഐലൻഡ് റീ യൂണിയൻ എന്ന ഗ്രൂപ്പിനും രൂപം നൽകി. ഇടയ്ക്കിടെ പഴയ താമസക്കാർ ഇവിടെ ഒത്തുകൂടുകയും ചെയ്തു.

പഴയ കെട്ടിടങ്ങൾ ഇനി അധികകാലമുണ്ടാവില്ല. തുറമുഖ ട്രസ്റ്റിന്റെ പഴയ കെട്ടിടങ്ങൾ പോലും സ്വകാര്യ മേഖലയ്ക്കു കൈമാറാൻ അധികൃതർ ഒരുങ്ങിക്കഴിഞ്ഞു.