തോപ്പുംപടി: പുതിയ റെയിൽപ്പാതയും റോഡുമൊക്കെ കേരളത്തിന്റെ ചർച്ചകളിൽ നിറയുമ്പോൾ, കൊച്ചിയുടെ ആദ്യകാല റെയിൽപ്പാതയിലേക്കു കാടുകയറുകയാണ്. കൊച്ചി തുറമുഖത്തേക്കുള്ള റെയിൽപ്പാതയാണ് ആർക്കും വേണ്ടാതെ നശിക്കുന്നത്. ഉണ്ടായിരുന്ന റെയിൽവേ സൗകര്യം പോലും കൊച്ചിക്കു നഷ്ടമാകുന്നു. അടുത്ത കാലത്ത്‌ വൻ തുക ചെലവഴിച്ച്‌ പാത പുതുക്കി നിർമിച്ചതാണ്. എറണാകുളത്തു നിന്നു ടെർമിനസിലേക്ക്‌ ഡെമു സർവീസും നടത്തി. പിന്നെ ആ സ്വപ്നം പൊലിഞ്ഞു.

വാത്തുരുത്തിയിൽ മേൽപ്പാലം വരാതെ കൊച്ചി തുറമുഖത്തെ ടെർമിനസിലേക്കു തീവണ്ടി ഓടിക്കാനാവില്ല. തീവണ്ടി കടന്നുപോകുമ്പോൾ, റോഡ് അടച്ചിടുന്നതിനാൽ റോഡിൽ വലിയ വാഹനത്തിരക്കുണ്ടാകുന്നു. ഇതിനുള്ള പരിഹാരം മേൽപ്പാലം മാത്രം. കൊച്ചി നഗരത്തിന്റെ വികസനത്തിനു വേണ്ടി നടപ്പാക്കേണ്ട ആദ്യ പദ്ധതിയായിരുന്നു വാത്തുരുത്തി മേൽപ്പാലം. നിർഭാഗ്യമെന്നു പറയട്ടെ, എല്ലാ കാലത്തും ആ പദ്ധതി കടലാസിൽത്തന്നെ കിടന്നു.

ഒരു തീവണ്ടി കടന്നുപോകുമ്പോൾ, നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്ന കാലമുണ്ടായിരുന്നു. അക്കാലത്ത്‌ മേൽപ്പാലം വലിയ ചർച്ചയുമായിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. ഇപ്പോൾ തീവണ്ടി ഓടുന്നില്ല. റോഡ് അടയ്ക്കുന്നില്ല. അതുകൊണ്ട് ആളുകൾക്ക് പരാതിയുമില്ല. പക്ഷേ, കൊച്ചിക്കാർക്കു പ്രയോജനപ്പെടുമായിരുന്ന റെയിൽ ലൈനിന്റെ വലിയ സൗകര്യമാണ് ഇല്ലാതാകുന്നത്. അതെക്കുറിച്ച് നാടുപോലും മറന്നു തുടങ്ങി.

വെണ്ടുരുത്തി പാലത്തിലെ അപകടം വിനയായി

ആദ്യകാലത്തെ പ്രധാന തീവണ്ടികളൊക്കെ സർവീസ് ആരംഭിച്ചിരുന്നത്‌ ഹാർബർ ടെർമിനസിൽ നിന്നാണ്. പിന്നീട് അതൊക്കെ നിലച്ചു. വെണ്ടുരുത്തി പാലത്തിന്റെ തൂണിൽ മണ്ണുമാന്തിക്കപ്പലിടിച്ചുണ്ടായ അപകടമാണ്‌ റെയിൽവേ ലൈനിന്റെ തലവര മാറ്റിയത്. അതോടെ പാസഞ്ചർ സർവീസുകൾ പൂർണമായും നിർത്തി. പടിഞ്ഞാറൻ കൊച്ചിയിലേക്കുള്ള റെയിൽവേ ബന്ധംതന്നെ ഇല്ലാതായി. പിന്നീട്‌ പുതിയ പാലം നിർമിച്ചു. എന്നിട്ടും തീവണ്ടി ഓടിക്കാനായില്ല.

വാത്തുരുത്തി മേൽപ്പാലം കൊണ്ട് കൂടുതൽ ഗുണം പടിഞ്ഞാറൻ കൊച്ചിക്കാർക്കാണ്. പാലം നിർമിക്കേണ്ടത് എറണാകുളം മണ്ഡലത്തിലും. ഇതു തന്നെയാണു പ്രശ്നം. മേൽപ്പാലം നിർമാണത്തിന് ആരു മുൻകൈ എടുക്കുമെന്നാണു ചോദ്യം. പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ കിഫ്ബിയിൽപ്പെടുത്തി പണം അനുവദിച്ചതായി ഒരു കഥയുണ്ട്. എറണാകുളത്തെയും കൊച്ചിയിലെയും എം.എൽ.എ.മാർ ഇക്കാര്യം നാട്ടുകാരോടു പറഞ്ഞിട്ടുണ്ട്. റെയിൽവേ മേൽപ്പാലത്തിനു ഫണ്ട് നൽകാൻ റെയിൽവേയും തയ്യാറാണ്.

തൊമ്മനഴിയുമ്പോൾ ചാണ്ടി

പാലത്തിന്റെ ഡിസൈൻ സംബന്ധിച്ചു ചർച്ച തുടങ്ങിയിട്ട്‌ കാലമേറെയായി. തൊമ്മനഴിയുമ്പോൾ ചാണ്ടി മുറുകും എന്നു പറഞ്ഞതുപോലെയാണു കാര്യങ്ങൾ. കൊച്ചി തുറമുഖ ട്രസ്റ്റ്, നാവികസേന, കൊച്ചി കപ്പൽശാല, റെയിൽവേ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവരാണ് കക്ഷികൾ. എല്ലാവരും അംഗീകരിക്കുന്ന ഒരു ഡിസൈൻ വേണം. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ്‌ ഡിസൈൻ തയ്യാറാക്കാനുള്ള ചുമതല ഏറ്റെടുത്തത്. അവർ പല രീതിയിൽ ഡിസൈൻ തയ്യാറാക്കി. മാറ്റിയും മറിച്ചും വരച്ചു. പല ഘട്ടത്തിലും നാവികസേന ഉടക്കി. വിമാനം ഇറങ്ങേണ്ടതിനാൽ ആ ഭാഗത്തൊന്നും പാലം പാടില്ലെന്നാണു സേനയുടെ വാദം. അവർക്ക് അംഗീകരിക്കാവുന്ന നിർദേശം ഒരുവിധത്തിൽ തയ്യാറാക്കിയപ്പോഴാണ്‌ കപ്പൽശാലയുടെ വരവ്. കപ്പൽശാല, തുറമുഖത്ത്‌ റിപ്പെയർ യാർഡ് തുടങ്ങുന്നുണ്ട്. അതുകൊണ്ട് അവരുടെ കൂടി അഭിപ്രായം തേടണം. ഏറ്റവും ഒടുവിൽ വന്ന നിർദേശം കപ്പൽശാലയ്ക്ക് ബോധിച്ചിട്ടില്ലത്രെ. എല്ലാവർക്കും സമ്മതമായ ഒരു നിർദേശം സാധ്യവുമല്ല. അങ്ങനെ ഡിസൈനിനെക്കുറിച്ചു തർക്കിച്ച്‌ കാലം കഴിക്കുകയാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ കൊച്ചിയുടെ മേൽപ്പാലം എടുത്ത് തട്ടിക്കളിക്കുന്നു. ചോദിക്കാനും പറയാനും ആളില്ല. സംസ്ഥാന സർക്കാരും വലിയ താത്‌പര്യം കാട്ടുന്നില്ല. പൂച്ചയ്ക്കാരു മണി കെട്ടുമെന്നതാണ് ചോദ്യം.