കൊച്ചി : യു.ഡി.എഫ്. മുന്നണിയുടെ അന്ത്യമായെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. ജോർജും മന്നത്തു പത്മനാഭനും ആർ. ബാലകൃഷ്ണ പിള്ളയും നേതൃത്വം നൽകി രൂപവത്കരിച്ച കേരള കോൺഗ്രസിനെ പല തട്ടിലാക്കി നശിപ്പിക്കാൻ നേതൃത്വം നൽകിയത് കോൺഗ്രസ് ആണ്. ഇത് തിരിച്ചറിഞ്ഞ യഥാർഥ കേരള കോൺഗ്രസ് പ്രവർത്തകർ ജനാധിപത്യ കേരള കോൺഗ്രസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.ടി. കുര്യച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പൗലോസ് മുടക്കുംതല, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവർ പുതുപ്പറമ്പിൽ, തോമസ് പാലമറ്റം, ടി.ഡി. സ്റ്റീഫൻ, എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.