നിയോജകമണ്ഡലത്തിലെ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ഓരോ പഞ്ചായത്തിലും വാർഡ് അടിസ്ഥാനത്തിൽ ഡേറ്റ ബാങ്ക് തയ്യാറാക്കാൻ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സദസിൽ തീരുമാനം. സർക്കാർ ആനുകല്യങ്ങളും സേവനങ്ങളും എല്ലാവർക്കും ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഭിന്നശേഷി കൂട്ടായ്മകൾ സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദമായി സ്വയം സഹായ സംഘങ്ങൾ വിപുലീകരിക്കും. കുഴുപ്പിള്ളി ഓസ്റ്റിൻ ഹാളിൽ നടന്ന സൗഹൃദ സദസ് കൂട്ടായ്മയിൽ പഞ്ചായത്ത് പ്രാതിനിധ്യമനുസരിച്ച് ഭിന്നശേഷിയുള്ള 18 വയസ്സിനു മുകളിലുള്ളവർ പങ്കെടുത്തു. കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിൽ പ്രത്യേക പരിഗണന, വിശേഷിച്ചും കോവിഡ് മഹാമാരിക്കാലത്ത് ഭിന്നശേഷിക്കാർ അർഹിക്കുന്നുണ്ട്. മണ്ഡലത്തിലെ മൂവായിരത്തോളം വരുന്ന ഭിന്നശേഷി സഹോദരങ്ങൾക്ക് പരമാവധി സഹായം എത്തിക്കുമെന്നും എം.എൽ.എ. വ്യക്തമാക്കി.