കൊച്ചി : മുളവുകാടുകാരുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു മെച്ചപ്പെട്ട റോഡുവേണം എന്നത്. കാത്തിരിപ്പിനൊടുവിൽ പണിതുകിട്ടിയ റോഡിന്റെ ഇപ്പോഴത്തെ സ്ഥിതികണ്ടാൽ ഇവരുടെ ആ സ്വപ്നം തകർന്നുവെന്നുതന്നെ പറയേണ്ടിവരും. ടാർ പോയി റോഡാകെ കുഴിയാണ്. ഇവിടെ വെള്ളം കെട്ടിക്കിടക്കാൻകൂടി തുടങ്ങിയതോടെ യാത്രയും ദുരിതത്തിലായി. ഒരുവർഷം മുമ്പ് പണി പൂർത്തിയാക്കിയ റോഡാണ് ഇങ്ങനെ തകർന്നത്.

മുളവുകാട് നോർത്ത് മുതൽ ബോൾഗാട്ടി വരെ വരുന്ന 5.5 കി.മീ. റോഡ് ഏഴു മീറ്റർ വീതിയിൽ പൂർത്തിയാക്കുക എന്നതായിരുന്നു പദ്ധതി. മുളവുകാട് നോർത്ത് മുതൽ നേവിലാൻഡ് വരെ 2.5 കി.മീ റോഡ് ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു.

നേവിലാൻഡ് മുതൽ തണ്ടാശ്ശേരി വരെ പണിത 1.5 കി.മീ. വരുന്ന രണ്ടാംഘട്ട റോഡ് നിർമാണത്തിനെതിരേ നിർമാണസമയത്തുതന്നെ പരക്കെ ആരോപണങ്ങളുണ്ടായിരുന്നു. തീരെ കട്ടികുറച്ച് ടാറിങ് നടത്തുന്നതിനെയായിരുന്നു നാട്ടുകാർ എതിർത്തത്.

രണ്ടാംഘട്ട ടാറിങ് കഴിഞ്ഞവർഷമാണ് പൂർത്തിയാക്കാനായത്. എന്നാൽ, റോഡുനിർമാണം പൂർത്തിയായിട്ട് ഒരുവർഷം തികയുംമുമ്പേ റോഡ് തകർന്നു.

റോഡാകെ പൊളിഞ്ഞ സാഹചര്യത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്നറിയിച്ച് പഞ്ചായത്ത് നേരത്തെ പരാതി നൽകിയിരുന്നു.

മഴമാറിയാൽ ടാർ ചെയ്യും

: കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് റോഡ് ടാർ ചെയ്തത്. വളരെ മോശം ടാറിങ്ങാണ് നടന്നത്. കരാറുകാരന് 30 ലക്ഷത്തോളം രൂപ റോഡുപണിയുടെ ഭാഗമായി ‘ജിഡ’ കൊടുക്കാനുണ്ട്. ഈ പണം കൊടുത്തിട്ടില്ല. റോഡ് ഇവരെക്കൊണ്ട് വീണ്ടും ടാർ ചെയ്യിപ്പിക്കാനാണ് തീരുമാനം. പക്ഷേ, മഴ മാറിയാലേ റോഡ് ടാർ ചെയ്യാൻ പറ്റൂ.

വി.എസ്. അക്ബർ

മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്