കളമശ്ശേരി : കളമശ്ശേരി നഗരസഭാ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടി പിഴ അടപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മാത്യു ജോർജ്, എം.വി. മിഥുൻ, എൻ.എസ്. ശ്രീജിത്ത് എന്നിവരാണ് രാത്രികാല പരിശോധ നടത്തി പിടികൂടി പിഴയടപ്പിച്ചത്.തുടർച്ചയായി നടത്തിയ പരിശോധനയിൽ മാലിന്യം വലിച്ചെറിഞ്ഞ 50-ഓളം പേരെ പിടികൂടി. ഇവരിൽ നിന്ന് 98,700 രൂപ പിഴ ഈടാക്കി. പിഴ അടയ്ക്കാത്തവർക്ക് നോട്ടീസ് അയച്ചു.

സീപോർട്ട്-എയർപോർട്ട് റോഡ്, എച്ച്.എം.ടി.-മെഡിക്കൽ കോളേജ് റോഡ്, ടോൾ കവല, കൂനംതൈ, പത്തടിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രികാല പരിശോധന നടത്തിയത്. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന്‌ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യകാര്യ ചെയർമാൻ എ.കെ. നിഷാദ് പറഞ്ഞു.