കണ്ടനാട് : ഓർത്തഡോക്സ് സഭാ പരമാധ്യക്ഷനായി ഉയർത്തപ്പെട്ട കാതോലിക്ക ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവയ്ക്ക് കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ വ്യാഴാഴ്ച വൈകീട്ട് സ്വീകരണം നൽകും.

പരിശുദ്ധ മാർ ബസേലിയോസ് ശക്രള്ള മഫ്രിയാനയുടെ ഓർമപ്പെരുന്നാളിന് പ്രധാന കാർമികത്വം വഹിക്കാനെത്തുന്ന ബാവയെ വട്ടുക്കുന്നിൽ സ്വീകരിച്ച്, കണ്ടനാട് കത്തീഡ്രലിലേക്ക്‌ ആനയിക്കും.

കണ്ടനാട് പള്ളിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കണ്ടനാട് പള്ളിയോടു ചേർന്നുള്ള കണ്ടനാട്-ഉദയംപേരൂർ റോഡിന്റെ വളവും വീതിക്കുറവും മൂലം അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ പരിഗണിച്ച് റോഡിന്റെ വളവ്‌ കുറയ്ക്കുന്നതിനാവശ്യമായ സ്ഥലം വിട്ടുനൽകാനായി പള്ളിമതിൽ പൊളിച്ചുമാറ്റാനുള്ള സമ്മതപത്രം ഇടവകയ്ക്കുവേണ്ടി മന്ത്രി വീണാ ജോർജിന് കൈമാറും.

മലങ്കര ഓർത്തഡോക്സ് സഭയിലെ ഒമ്പത് കാതോലിക്കമാരിൽ കണ്ടനാട് ഭദ്രാസനത്തിന്റെ തലപ്പള്ളിയായ കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ എത്തുന്ന മൂന്നാമത്തെ കാതോലിക്കയാണ് മാത്യൂസ് തൃതീയൻ ബാവയെന്ന് കണ്ടനാട് പള്ളി വികാരി റവ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ പറഞ്ഞു.