കാക്കനാട് : തൃക്കാക്കര നഗരസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞതോടെ വിമതർ രംഗത്തിറങ്ങി. സീറ്റു മോഹിച്ച് കിട്ടാത്തവർ ആറ്‌്‌ വാർഡുകളിൽ വിമതരായി മത്സരിക്കുന്നതാണ് കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നത്. പല വാർഡുകളിലും വിമത സ്ഥാനാർഥികളുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ഫ്ളെക്സ് ബോർഡുകൾ ഉയർന്നു.

തൃക്കാക്കരയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ ഡി.സി.സി. സെക്രട്ടറിക്കെതിരേ മത്സരിക്കാൻ ബ്ലോക്ക് സെക്രട്ടറിയാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. മുൻ നഗരസഭാ ചെയർമാൻ കൂടിയായ പി.ഐ. മുഹമ്മദാലിക്കെതിരേയാണ് ബ്ലോക്ക് സെക്രട്ടറി ഷാന അബ്ദു വിമതനായി മത്സരിക്കുന്നത്.

സ്ഥാനാർഥിപ്പട്ടികയിൽ തഴഞ്ഞതിനെ തുടർന്നാണ് വിമതനായി മത്സരിക്കുന്നതെന്ന് ഷാന അബ്ദു പറഞ്ഞു. ഇരുവരുടെയും സ്വന്തം വാർഡായ ഇടച്ചിറയിലാണ് (9) മത്സര ഇരുവരും രംഗത്തുള്ളത്.

മുൻ നഗരസഭാ ചെയർമാനും മണ്ഡലം പ്രസിഡന്റുമായ ഷാജി വാഴക്കാല മത്സരിക്കുന്ന കുന്നേപ്പറമ്പ് കിഴക്കിൽ (28) മുൻ മണ്ഡലം പ്രസിഡന്റ് ടി.എം. അബ്ദുൽ കരീമാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.

നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായ മേരി കുര്യൻ മത്സരിക്കുന്ന 34-ാം വാർഡായ ദേശീയകവലയിൽ മുൻ നഗരസഭാ വൈസ് ചെയർമാൻ സാബു ഫ്രാൻസിസിന്റെ ഭാര്യ ഓമന സാബുവും കെ.എസ്.യു. ജില്ലാ സെക്രട്ടറി കെ.എം. മൻസൂർ മത്സരിക്കുന്ന 39-ാം വാർഡായ മോഡൽ എൻജിനീയറിങ് കോളേജിൽ കോൺഗ്രസ് ബ്ലോക്ക് നേതാവ് ഇ.പി. കാതർകുഞ്ഞും മത്സര രംഗത്തുണ്ട്.

15-ാം വാർഡായ കാക്കനാട് ഹെൽത്ത് സെന്ററിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി അലി കാവലാടൻ സ്വതന്ത്രനായി പത്രിക നൽകി. കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി പി.പി. അലിയാരാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി.

മുൻ മണ്ഡലം പ്രസിഡന്റ് വി.ഡി. സുരേഷ് മത്സരിക്കുന്ന കുഴിക്കാട്ടുമൂലയിൽ (12) മുൻ മണ്ഡലം സെക്രട്ടറി കെ.ടി. ശശിയാണ് റിബലായി രംഗത്ത്‌ വന്നിട്ടുള്ളത്.

ഇതിനിടെ, മൂന്ന് വാർഡുകളിലെ സ്ഥാനാർഥി നിർണയത്തിൽ അപാകം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ എം.ഒ. വർഗീസ്, വി.ഡി. സുരേഷ് എന്നിവർ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് പരാതി നൽകി. സീറ്റുകളിൽ നേതാക്കൾ ഏകപക്ഷീയമായി സ്ഥാനാർഥികളെ നിർണയിച്ചെന്നാണ് പരാതി.

സ്ഥാനാർഥി നിർണയത്തിനായി രൂപവത്‌കരിച്ച ഒൻപതംഗ കമ്മിറ്റിയിലുണ്ടായിരുന്ന തങ്ങളെ അറിയിക്കാതെയാണ് ചൊവാഴ്ച രാത്രിയോടെ സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നതെന്ന്‌ പറയുന്നു. വാർഡ് കമ്മിറ്റിയിൽ പറഞ്ഞ പേരുകൾ ഒഴിവാക്കിയാണ് സ്ഥാനാർഥികളെ നിർണയിച്ചിട്ടുള്ളതെന്നും ഇവർ പരാതിപ്പെടുന്നു.

ഡി.സി.സി. സെക്രട്ടറിക്കെതിരേ

ബ്ലോക്ക് സെക്രട്ടറി

ദേശീയ കവലയിൽ മേരി കുര്യൻ

കാക്കനാട് : തൃക്കാക്കര നഗരസഭ ദേശീയകവല (34) വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യൻ മത്സരിക്കുമെന്ന്‌ ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അറിയിച്ചു. ചൊവ്വാഴ്ച കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചപ്പോൾ ഈ വാർഡ് ഒഴിച്ചിട്ടിരുന്നു. ബുധനാഴ്ച ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ മേരി കുര്യൻ പ്രചാരണം ആരംഭിച്ചു.