കൊച്ചി: കോവിഡ് സാഹചര്യത്തിൽ സ്കൂളുകളിലെ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും ഓൺലൈനായി നടന്നപ്പോൾ, അതെല്ലാം വാർത്തകളായി അവതരിപ്പിച്ച ‘വാർത്തിക’യുമായി വിദ്യാരംഗം കല-സാഹിത്യ വേദി. എറണാകുളം ജില്ലയിലെ 14 ഉപജില്ലകളിലും മത്സരം സംഘടിപ്പിച്ച് അതിലെ മികച്ച വാർത്തവായനകൾ കോർത്തിണക്കിയാണ്‌ ‘വാർത്തിക’ ഒരുക്കിയത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ, മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ‘വിദ്യാരംഗം’ എഡിറ്റർ ടി.കെ.എ. ഷാഫി എന്നിവർ ആശംസകളർപ്പിച്ചു.

വിദ്യാരംഗം കല-സാഹിത്യ വേദി ജില്ലാ കോ-ഓർഡിനേറ്റർ സിംല കാസിം സംവിധാനം നിർവഹിച്ച വാർത്തികയുടെ പിന്നണിയിൽ പി.വി. എൽദോസ്, ജീബ പൗലോസ്, പി.എസ്. രാജി, സി.എസ്. വിഷ്ണുരാജ് എന്നിവരുമുണ്ടായിരുന്നു.

ജില്ലാതലത്തിൽ നടത്തിയ വാർത്തവായന മത്സരത്തിൽ വെണ്ണല ഗവ. ഹൈസ്കൂളിലെ സുപ്രിയ സുബീഷ് ഒന്നാം സ്ഥാനവും കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാർവതി അനിൽ രണ്ടാം സ്ഥാനവും തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് ഹൈസ്കൂളിലെ അനീറ്റ ജോൺസൺ മൂന്നാം സ്ഥാനവും നേടി.