കൊച്ചി: വീടുകളിലെ അടക്കിവെച്ച അതിക്രമങ്ങളും ലഹരി പ്രശ്നങ്ങളും തുറന്നുപറയാൻ അവസരമൊരുക്കി കുടുംബശ്രീയുടെ സൈബർ ജാലകം ഓൺലൈൻ സർവേ. സ്ത്രീധന പ്രശ്നങ്ങളും ഗാർഹിക പീഡനങ്ങളും സർവേയിൽ പുറത്തുവന്നു. 44,653 പേരിലാണ്‌ സർവേ നടത്തിയത്. ഗാർഹിക അതിക്രമങ്ങൾ അനുഭവിക്കുന്നതോ അറിയുന്നതോ ആയ 439 സംഭവങ്ങളാണു പുറത്തുവന്നത്. അനധികൃത ലഹരി ഉപയോഗം നടക്കുന്ന 2843 ഹോട്ട് സ്പോട്ടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹോട്ട് സ്പോട്ടുകൾ സാമൂഹിക നീതി വകുപ്പിനും എക്സൈസിനും കൈമാറും. സൈബർ ജാലകം 8 എന്ന പേരിലാണ് കുടുംബശ്രീ ഒരാഴ്ച ഓൺലൈൻ സർവേ നടത്തിയത്.

പ്രതിരോധം ശക്തമാക്കും

റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങളിൽ സ്നേഹിതയുടെയും പ്രാദേശിക ജെൻഡർ റിസോഴ്‌സ് സെന്ററുകളുടെയും നേതൃത്വത്തിൽ ഗാർഹിക അതിക്രമങ്ങൾക്ക് പരിഹാരം കാണും. പ്രശ്നങ്ങൾ തുറന്നുപറഞ്ഞവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട്‌ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനാണു കുടുംബശ്രീയുടെ പദ്ധതി. സർവേയിൽ പങ്കെടുത്ത 44,653 പേരിൽ 896 പേർ സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ട് എന്ന് അറിയില്ല എന്നാണ് രേഖപ്പെടുത്തിയത്. ഇവർക്ക് പ്രത്യേക ബോധവത്കരണ കാമ്പയിനും നടത്തും. സൈബർ ജാലകം 8-ൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് നേരിട്ടും വിവരങ്ങൾ അറിയിക്കാം. ഫോൺ: 1800 4255 5678