കൊച്ചി: വിലയിടിവിൽ പ്രതിസന്ധിയിലായ ജില്ലയിലെ കർഷകർക്ക്‌ പ്രതീക്ഷ നൽകി കപ്പകൃഷി പുതിയ സാധ്യതകളിലേക്ക്. ഉണക്കക്കപ്പ സപ്ലൈകോയുടെ കിറ്റിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിലിരിക്കേ, ജില്ലയിൽ കപ്പ സമാഹരിക്കുകയാണ്‌ ഹോർട്ടികോർപ്പ്. സമാഹരണം തുടങ്ങിയിട്ടില്ലെങ്കിലും കപ്പ ഉണക്കിവെക്കാൻ കർഷകർക്ക്‌ നിർദേശം നൽകി. ജില്ലയിൽ 1000-ത്തിലേറെ ടൺ കപ്പയാണ്‌ വിളവെടുപ്പിനു പാകമായി നിൽക്കുന്നത്. ലോക്ഡൗണിൽ പ്രതിസന്ധിയിലായ കപ്പ കയറ്റുമതി തിരികെവരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ. യൂറോപ്പും ഗൾഫ് നാടുകളുമാണ്‌ കയറ്റുമതി മേഖല പ്രധാനമായും ലക്ഷ്യമിടുന്നത്.

പ്രാഥമിക വിവരശേഖരണം നടത്തിയശേഷമാണ്‌ ഹോർട്ടികോർപ്പ് കപ്പ സമാഹരണത്തിനൊരുങ്ങുന്നത്. സപ്ലൈകോ കിറ്റിൽ കപ്പ ഉൾപ്പെടുത്തുകയാണെങ്കിൽ അധികോത്പാദനവും വിലയിടിവും മൂലം വലയുന്ന കപ്പക്കർഷകർക്ക്‌ വലിയ ആശ്വാസമാകും. ജില്ലയിൽ സാധ്യമായ രീതിയിൽ കപ്പ സംഭരണത്തിന്‌ ഹോർട്ടികോർപ്പ് ശ്രമങ്ങൾ തുടങ്ങിയിരുന്നു. ക്ഷീരസംഘങ്ങളുടെ നേതൃത്വത്തിൽ ചിലയിടങ്ങളിൽ കപ്പ സംഭരിച്ചു. ഹോർട്ടികോർപ്പിലേക്ക്‌ വിളിക്കുന്ന കർഷകരിൽ നിന്ന്‌ വിപണിയിലെ ആവശ്യമനുസരിച്ചും ആഴ്ചതോറും ഹോർട്ടികോർപ്പ് കപ്പ ശേഖരിക്കുന്നുണ്ട്. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ ക്ഷീരസംഘങ്ങൾ, സർവീസ് സഹകരണ ബാങ്കുകൾ, ഹോർട്ടികോർപ്പ് ഇക്കോ ഷോപ്പ് എന്നിവയിലൂടെയും പലയിടങ്ങളിലും നല്ലരീതിയിൽ കപ്പ ശേഖരണം നടന്നു.

ഉണക്കൽ ഒരു പ്രശ്‌നം

ഉണക്കക്കപ്പയിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും കപ്പ വലിയ അളവിൽ ഉണക്കിയെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ഉണക്കാനുള്ള ഡ്രയറുകളുടെ ലഭ്യതയാണു പ്രശ്നം. ഡ്രയർ വാടകയ്ക്കെടുത്ത്‌ കപ്പ ഉണക്കാനുള്ള ആലോചന നടന്നിരുന്നു. എന്നാൽ, മിക്ക കർഷകരുടെയും കൈവശമുള്ള ഡ്രയറുകളിൽ ഉണക്കാവുന്ന കപ്പയുടെ അളവ്‌ വളരെ കുറവാണ്. വലിയ ഡ്രയറുകൾ ഉള്ളവരെയും ഹോർട്ടികോർപ്പ് സമീപിച്ചിട്ടുണ്ട്. അവരുടെ സഹായംകൂടി കിട്ടിയാൽ വലിയ അളവിൽ കപ്പ ഉണക്കി സംഭരിക്കാനാകും.

ഉണക്കുമ്പോൾ ഇങ്ങനെ

ഒരു കിലോ കപ്പ ഉണക്കിയാൽ ലഭിക്കുന്നത് 300 ഗ്രാമാണ്. ചെലവ് 12 രൂപയും. ഒരു കിലോ ഉണക്കക്കപ്പ കിട്ടാൻ 40 രൂപയോളമാണ്‌ ചെലവ്. കപ്പയുടെ വിലകൂടി കൂട്ടിയാൽ 50-നടുത്താണ് ചെലവ്. ഉണക്കക്കപ്പയ്ക്ക്‌ 50 മുതൽ 90 രൂപ വരെ വില ലഭിക്കുമെന്നാണു പ്രതീക്ഷ.

കർഷകർക്ക്‌ ഗുണമാകണം

കപ്പക്കർഷകർക്ക്‌ എല്ലാ സഹായവും നൽകാനും പരമാവധി വില ലഭ്യമാക്കാനുമാണ്‌ ശ്രമിക്കുന്നത്. പെരുമ്പാവൂരിലാണ് ജില്ലയിൽ കൂടുതൽ കപ്പ ഉത്പാദനം നടക്കുന്നത്. വിലയിടിവ്‌ കർഷകർ നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കപ്പ ഉണക്കിയെടുക്കാനായാൽ അത്‌ കർഷകർക്ക്‌ വലിയ സഹായമാകും.

ടി.ഒ. ദീപ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസ് അസി. ഡയറക്ടർ

* ജില്ലയിലെ കപ്പകൃഷി ഇങ്ങനെ

കൃഷിചെയ്യുന്നത് - 5200 ഹെക്ടർ

ഒരു ചോട് കപ്പയിൽ നിന്നുള്ള വിളവ് - 10-12 കിലോ

കർഷകർക്കു കിട്ടുന്ന വില - 6-9 രൂപ

* കഴിഞ്ഞ മാസം കൃഷിവകുപ്പ് മുഖേന വിറ്റത്

സർവീസ് സഹകരണ ബാങ്കുകൾ - 150 ടൺ

സാമൂഹിക മാധ്യമങ്ങളും മറ്റു സംഘടനകളും - 130 ടൺ

ക്ഷീര സംഘങ്ങൾ - 30 ടൺ