കാക്കനാട് : “എല്ലാവരോടും നല്ല പെരുമാറ്റം, സൗഹൃദത്തോടെയുള്ള ഇടപെടൽ. അയാൾ സ്വന്തം മകളോട് ഇങ്ങനെ ചെയ്യുമോ? എന്തിനാണ് ആ പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തത്? ഒന്നും പിടികിട്ടുന്നില്ല” - വൈഗയും സനു മോഹനും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെ ശ്രീകാന്ത് ശ്രീധരൻ ചോദിക്കുന്നു.

“എന്റെ കുട്ടികൾക്കൊപ്പമാണു വൈഗ വൈകീട്ട് ഫ്ളാറ്റിലെ കുട്ടികളുടെ പാർക്കിൽ കളിക്കാൻ പോകുന്നത്. അവരുടെ കളിചിരികൾ ഇപ്പോഴും മനസ്സിൽനിന്നു മായുന്നില്ല. മക്കൾ ഇടയ്ക്കിടെ വൈഗയ്ക്കെന്താണ് സംഭവിച്ചതെന്നു ചോദിക്കാറുണ്ട്. അവർക്കു കൊടുക്കാൻ മറുപടിയില്ല”- പൂത്തോട്ട എസ്.എൻ. ലോ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അദ്ദേഹം പറഞ്ഞു.

ഫ്ളാറ്റിലെ പലർക്കും എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവുന്നില്ല. കൺമുന്നിൽ ഇത്ര ദുരൂഹമായൊരു കേസ് വന്നതിന്റെ ഞെട്ടലിലാണു പലരും. വൈഗയെ അപായപ്പെടുത്തിയത് സനു മോഹൻ ആകല്ലേയെന്ന പ്രാർഥനയാണു ഫ്ളാറ്റിലെ ഓരോത്തരുടെയും ഉള്ളിൽ.

ഫ്ളാറ്റിലുള്ളവർക്ക്‌ സനു ഒരു സഹായിയായിരുന്നുവെന്ന്‌ മറ്റൊരു താമസക്കാരനായ ജി.എസ്. നായർ പറഞ്ഞു. സനുവിന് ഇങ്ങനൊരു മുഖമുണ്ടായിരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ജി.എസ്. നായർ.

കങ്ങരപ്പടി ഫ്ളാറ്റിലെ ‘6-എ’ യിലാണ് സനുവും കുടുംബവും താമസിച്ചത്. ഒരു മുറിയും ഹാളും അടുക്കളയുമുള്ള ചെറിയ ഫ്ളാറ്റ്. അഞ്ചുവർഷം മുമ്പ്‌ ഭാര്യയുടെ പേരിലാണ് ഈ ഫ്ളാറ്റ് വാങ്ങിയത്.