കൊച്ചി : മതേതരത്വം ഈഴവ വിഭാഗത്തിന്റെയോ ഹിന്ദുക്കളുടെയോ മാത്രം ബാധ്യതയല്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതദ്വേഷമില്ലാത്ത എസ്.എൻ.ഡി.പി. യോഗത്തിന്റെ പരിപാടികളിൽ മറ്റു മതക്കാരെയും പുരോഹിതരെയും സമുദായക്കാരെയും വിളിക്കുമായിരുന്നു. പക്ഷേ, തിരികെ അതേ സമീപനമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ ഏകദിന നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിന്നാക്ക സമുദായങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു. ഭാവിയിൽ ഇത് ഉണ്ടാകാതിരിക്കാനാണ് ജാതി പറയുന്നത്. ജാതി പറയാനുള്ള മടിയാണ് ഈഴവരുടെ ശാപം. സമുദായത്തിന് എതിരായി നിൽക്കുന്നത് സമുദായാംഗങ്ങൾ തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇല്ലായ്മയെ ചൂഷണം ചെയ്ത് പിന്നാക്ക വിഭാഗങ്ങളെ കൂട്ടത്തോടെ മതംമാറ്റിയ ക്രിസ്ത്യൻ മിഷണറിമാർ ലവ് ജിഹാദിനെതിരേ രംഗത്തുവരുന്നത് തമാശയാണ്.

മുസ്‌ലിം ലീഗും കേരള കോൺഗ്രസും രാഷ്ട്രീയ സമ്മർദ ശക്തിയായത് മതം പറഞ്ഞുതന്നെയാണ്. ഈഴവ സമുദായത്തിന് രാഷ്ട്രീയമായിപ്പോലും പരിഗണന ലഭിക്കാത്ത സ്ഥലമായി എറണാകുളം മാറിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ചടങ്ങിൽ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, ടി.കെ. പദ്‌മനാഭൻ തുടങ്ങിയവർ സംസാരിച്ചു.