കാലടി : തിരുവൈരാണിക്കുളം കാർഷിക സമിതിയുടെ ക്ഷീരസമൃദ്ധി പദ്ധതിക്ക് തുടക്കമായി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്, തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക്, യുവജന സമാജം ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്ത നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണ് കാർഷിക സമിതി.

ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകൾ പ്രവർത്തന മേഖലയായി നിശ്ചയിച്ചിട്ടുള്ള കാർഷിക സമിതിയുടെ നേതൃത്വത്തിൽ തിരുവൈരാണിക്കുളം ക്ഷേത്ര ജങ്ഷനിൽ ‘നാട്ടുപച്ച’ എന്ന പേരിൽ ഒരു വിപണന കേന്ദ്രം പ്രവർത്തിച്ചുവരുന്നു. ജൈവ കാർഷികോപാധികളും കർഷകരുടെ ഉത്‌പന്നങ്ങളും ന്യായവിലയ്ക്ക് ‘നാട്ടുപച്ച’യിൽ നിന്ന് ലഭിക്കും.

വനിതകൾക്ക് സ്വയംതൊഴിലും പ്രദേശത്ത് പോഷക സമ്പന്നമായ പാലിന്റെ ലഭ്യതയും ഉറപ്പുവരുത്തുന്ന ‘ക്ഷീരസമൃദ്ധി’ പദ്ധതി പ്രകാരം ഒമ്പതു മാസം പ്രായമുള്ള രണ്ട് ആടുകളെ സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് തുടക്കം കുറിച്ചിട്ടുള്ളത്. വരും മാസങ്ങളിലും പദ്ധതിയുടെ ഭാഗമായി ആടുകളെ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. വിതരണം ചെയ്യുന്ന ആടുകളുടെ രണ്ട് പ്രസവങ്ങളിലായുള്ള രണ്ട് കുട്ടികളെ തിരികെ സമിതിക്ക് നൽകുന്നതിനും അവയുടെ പുനർ വിതരണത്തിലൂടെ കൂടുതൽ പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്ന വിധത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്.

പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ടി.എ. ഷബീർ അലി നിർവഹിച്ചു. കാർഷിക സമിതി ചെയർമാൻ എൻ. ശ്രീകുമാർ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എം.കെ. കലാധരൻ, കൺവീനർ എം. എസ്. സുരേഷ് കുമാർ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സി.പി. ഷാജി, വായനശാലാ സെക്രട്ടറി കെ.ജി. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.