അങ്കമാലി : പമ്പിങ്ങിന് ജലം ലഭ്യമല്ലാത്തതുമൂലം സ്തംഭനാവസ്ഥയിലായ താബോർ ശുദ്ധജല വിതരണ പദ്ധതിക്ക് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിന് നടപടി. താബോർ പദ്ധതിയുടെ പൂതംകുറ്റി പാടത്തുള്ള കിണറിൽ കറുകുറ്റി-മൂക്കന്നൂർ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരിച്ച ജലം പൈപ്പ് വഴി എത്തിക്കുന്നതിന് ജല ജീവൻ മിഷൻ സ്‌കീമിൽപെടുത്തി അനുമതി നൽകി.

കറുകുറ്റി - മൂക്കന്നൂർ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരിച്ച ജലം മുന്നൂർപ്പിള്ളിയിൽ നിന്നു മൂക്കന്നൂർ ഏഴാറ്റുമുഖം പൊതുമരാമത്ത് റോഡിലൂടെ 3.1 കിലോമീറ്റർ നീളത്തിൽ 150 മില്ലി മീറ്റർ വ്യാസമുള്ള ഡി.ഐ.പൈപ്പ് സ്ഥാപിച്ചാണ് പൂതംകുറ്റി പാടത്തുള്ള കിണറിൽ എത്തിക്കുന്നത്. കുടിവെള്ളക്കിണറുകളില്ലാത്ത താബോർ മേട്ടിലും പരിസരങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി 1985-ലാണ് കേരള ജല അതോറിറ്റിയുടെ കീഴിലുള്ള താബോർ കുടിവെള്ള പദ്ധതി ആരംഭിച്ചത്.

പൂതംകുറ്റി പാടത്താണ് കിണറും പമ്പ് ഹൗസും. ജലവിതരണം ആരംഭിച്ചതോടെ കിണറിൽ ആവശ്യത്തിനുള്ള വെള്ളമില്ലാത്ത പ്രശ്‌നം ഉടലെടുത്തു. 1992-ൽ പഴയ കിണറിനടുത്തു രണ്ടാമതൊരു കിണർ നിർമിച്ചെങ്കിലും അതിലും വെള്ളം ഉണ്ടായില്ല. വെള്ളമില്ലാതെ പമ്പിങ് നിലച്ചതോടെ ഗുണഭോക്താക്കൾ പാടശേഖരത്തിലെ മലിനജലം കിണറിലേക്ക് തിരിച്ചുവിട്ടു. തൊട്ടടുത്ത് തോട്ടിൽ നിന്ന് ചാല് കീറി വെള്ളമെത്തിച്ചു. വർഷങ്ങളായി ഈ മലിനജലം ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നത്.

താബോർമേട്ടിലും സമീപത്തുമുള്ള അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഇതല്ലാതെ വേറൊരു പോംവഴിയില്ല. രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള കറുകുറ്റി-മൂക്കന്നൂർ പദ്ധതിയുടെ വാട്ടർ ടാങ്കിനെക്കാൾ ഉയരമുണ്ട് താബോർമേടിന്. ഇതുമൂലം പദ്ധതിയുടെ വെള്ളം നേരിട്ട് താബോറിലെത്തിക്കാനാകില്ല. ജനങ്ങളുടെ നിരന്തരമായ മുറവിളിയെ തുടർന്ന് റോജി എം. ജോൺ ഇടപെട്ടാണ് ബദൽ പദ്ധതിക്ക് രൂപം നൽകിയത്. മൂക്കന്നൂർ പഞ്ചായത്തിലെ 1, 2, 3, 14 വാർഡുകളിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.