കിഴക്കമ്പലം : കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സമ്പൂർണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

ഇതിന്റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെരിങ്ങാല ജങ്‌ഷനിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം വ്യാപാരിയായ ബാവയിൽ നിന്ന്‌ പ്ലാസ്റ്റിക് മാലിന്യം സ്വീകരിച്ച് ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറിക്കൊണ്ട് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് നിർവഹിച്ചു. വാർഡ് മെംബർ നിസാർ ഇബ്രാഹിം അധ്യക്ഷനായി. മാലിന്യ സംസ്കരണ പദ്ധതി ചെയർമാൻ ഇ.കെ. അലിയാർ, കൺവീനർ എം.കെ. സാജൻ, വി.എ. വിജയകുമാർ, താജുദ്ദീൻ അബൂബക്കർ, ഇ.എം. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.

പ്രദേശത്തെ സന്നദ്ധസേവാ പ്രവർത്തകർ, കുടുംബശ്രീ, റസിഡൻറ്‌സ്‌ അസോസിയേഷനുകൾ, രാഷ്ട്രീയ -സാമൂഹിക സംഘടനകൾ, ഐശ്വര്യ ഗ്രാമീണ വായനശാല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഹരിതകർമ സേനയ്ക്ക് തുടക്കംകുറിച്ചത്.