തോപ്പുംപടി : പടിഞ്ഞാറൻ കൊച്ചിയിൽ 17 മുൻ കൗൺസിലർമാർ ജനവിധിതേടി മത്സര രംഗത്തെത്തുന്നു. ഇവരെല്ലാം പല ഘട്ടങ്ങളിലായി നഗരസഭാംഗങ്ങളായിരുന്നു. ഏറെപ്പേരും പ്രധാന മുന്നണിയുടെ സ്ഥാനാർഥികളായാണ് വീണ്ടുമെത്തുന്നത്. ചിലർ സ്വതന്ത്രരായും രംഗത്തുണ്ട്.

മുൻ കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, ഒന്നാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായാണ് വീണ്ടും മത്സരിക്കുന്നത്. എം.എ. ഫക്രൂദ്ദീൻ എൽ.ഡി.എഫ്. സ്ഥാനാർഥിയായി നാലാം വാർഡിൽ മത്സരിക്കുന്നു. അദ്ദേഹം നേരത്തെ കുറഞ്ഞകാലം നഗരസഭാംഗമായിരുന്നിട്ടുണ്ട്. മുൻ കൗൺസിലർ എം.എച്ച്.എം. അഷറഫ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ആറാം വാർഡിലാണ് മത്സരിക്കുന്നത്.

കോൺഗ്രസിലെ കെ.ആർ. പ്രേമകുമാർ 12-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്നു. വി.എ. ശ്രീജിത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി 13-ാം വാർഡിൽ വീണ്ടും ജനവിധി തേടുന്നു. പ്രതിഭ അൻസാരി ഇടതു മുന്നണി സ്ഥാനാർഥിയായി 16-ാം വാർഡിലാണ് മത്സരിക്കുന്നത്. അഡ്വ. പി.എസ്. വിജു ഇടതുമുന്നണി സ്ഥാനാർഥിയായി 20-ാം വാർഡിൽ വീണ്ടും ജനവിധി തേടും.

എ.സി. ക്ലാരൻസ് യു.ഡി.എഫ്. സ്ഥാനാർഥിയായി 23-ാം വാർഡിലാണ് മത്സരിക്കുക. ഷൈല തദേവൂസ് യു.ഡി.എഫ്. സ്ഥാനാർഥിയായി ഇക്കുറി 24-ാം വാർഡിൽ മത്സരിക്കുന്നു. യു.ഡി.എഫിലെ ഷൈനി മാത്യു ഇക്കുറി 25-ാം വാർഡിലാണ് ജനവിധി തേടുന്നത്. ഇടതുമുന്നണിയിലെ ഷീബ ലാൽ 26-ാം വാർഡിലും സി.പി.എമ്മിലെ ബെനഡിക്ട് ഫെർണാണ്ടസ് 27-ാം വാർഡിലുമാണ് മത്സരിക്കുന്നത്.

ഇടതുമുന്നണിയിലെ പി.എസ്. രാജം 28-ലും മത്സരിക്കുന്നു. കോൺഗ്രസിലെ എൻ. വേണുഗോപാൽ 29-ാം വാർഡിലാണ് വീണ്ടും ജനവിധി തേടുന്നത്. മുൻ മേയർ കെ.ജെ. സോഹൻ ഇക്കുറി സ്വതന്ത്രനായി മത്സരിക്കും. 27-ാം വാർഡിലാണ് അദ്ദേഹം മത്സരിക്കുക. ദീർഘകാലം കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.കെ. അഷറഫ് ഇക്കുറി സ്വതന്ത്രനായി രണ്ടാം വാർഡിൽ മത്സരിക്കുന്നുണ്ട്. പലതവണ നഗരസഭാംഗമായിട്ടുള്ള വി.ജെ. ഹൈസിന്ത് ഇക്കുറി എട്ടാം വാർഡിൽ വീണ്ടുമെത്തുന്നു.

കഴിഞ്ഞതവണ സ്വതന്ത്രയായി മത്സരിച്ച കെ.എച്ച്. പ്രീതി ഇക്കുറി 12-ാം വാർഡിൽ വീണ്ടും മത്സരിക്കും. കഴിഞ്ഞതവണ സി.പി.ഐ. (എം.എൽ.) റെഡ് ഫ്ളാഗിന്റെ ഏക കൗൺസിലറായിരുന്ന ജയന്തി പ്രേംനാഥ് എട്ടാം വാർഡിൽ മത്സരിക്കുന്നുണ്ട്.

കൗൺസിലർമാർ തമ്മിൽ മുഖാമുഖം ഏറ്റുമുട്ടുന്ന മൂന്ന് വാർഡുകളുണ്ട് പടിഞ്ഞാറൻ കൊച്ചിയിൽ. എട്ടാം വാർഡിൽ ജയന്തി പ്രേംനാഥും വി.ജെ. ഹൈസിന്തും മത്സര രംഗത്തുണ്ട്. രണ്ടുപേരും പക്ഷേ, സ്വതന്ത്രരാണ്.

12-ാം വാർഡിൽ കെ.ആർ. പ്രേമകുമാറും കെ.എച്ച്. പ്രീതിയും രംഗത്തുണ്ട്.

പ്രേമകുമാർ യു.ഡി.എഫ്. സ്ഥാനാർഥിയാണ്. പ്രീതി സ്വതന്ത്രയും.

27-ാം വാർഡിൽ കെ.ജെ. സോഹനും ബെനഡിക്ട് ഫെർണാണ്ടസും രംഗത്തുണ്ട്. ബെനഡിക്ട് ഇടതുമുന്നണി സ്ഥാനാർഥിയാണ്. സോഹൻ സ്വതന്ത്രനായാണ് ഇത്തവണ മത്സരിക്കുന്നത്.