ആലുവ : ലോക്ഡൗൺ മൂലം ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്ക് അന്നം നൽകി ആലുവ അദ്വൈതാശ്രമം. ആലുവ ജനമൈത്രി പോലീസുമായി സഹകരിച്ചാണ് നിത്യേന ഉച്ചയ്ക്ക് 50 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. ലോക്ഡൗൺ ആരംഭിച്ചപ്പോൾ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആലുവ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.എസ്. രാജേഷിനെ ബന്ധപ്പെട്ട് ഭക്ഷണം നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ദിവസവും ഉച്ചയ്ക്ക് 12.30-ന് സി.ഐ.യുടെ നേതൃത്വത്തിൽ പോലീസ് വാഹനമെത്തി ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങും. വഴിയരികിൽ വിശന്നിരിക്കുന്നവർക്ക് പോലീസ് ഭക്ഷണപ്പൊതികൾ കൈമാറും. ആരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാതെയാണ് ഭക്ഷണവിതരണം ആരംഭിച്ചതെങ്കിലും കേട്ടറിഞ്ഞ് ചിലർ സഹായം നൽകാൻ തയ്യാറായി. ജില്ല ട്രിപ്പിൾ ലോക്ഡൗണിലേക്ക് മാറുന്നതോടെ വഴിയരികിൽ കിടക്കുന്നവർ കൂടുതൽ ദുരിതത്തിലാകുമെന്നും ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് ഭക്ഷണം നൽകുമെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.

താണ്ടു ടീച്ചറുടെ സംസ്കാരച്ചടങ്ങ്‌ എം.എൽ.എ.യുടെ നേതൃത്വത്തിൽ

അങ്കമാലി : കോവിഡ് ബാധിച്ച് മരിച്ച അങ്കമാലി നഗരസഭാ മുൻ ചെയർപേഴ്‌സൺ താണ്ടു ടീച്ചറുടെ മൃതദേഹം പള്ളിയിൽ അടക്കംചെയ്തത് റോജി എം. ജോൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ. ഞായറാഴ്ച രാവിലെ താണ്ടുവിന്റെ വീട്ടിലെത്തിയ എം.എൽ.എ. പി.പി.ഇ. കിറ്റ് ധരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് ബന്ധുക്കളോടൊപ്പം മൃതദേഹം ആംബുലൻസിൽ അങ്കമാലി സെയ്ന്റ് ജോർജ് ബസലിക്കയിലെത്തിച്ച് അടക്കം ചെയ്യുകയായിരുന്നു.

ദേവിയുടെ സ്നേഹപ്പൊതികൾ

ആലുവ : വീട്ടുജോലിചെയ്ത് കിട്ടുന്ന വരുമാനത്തിൽനിന്ന് തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതി നൽകി യുവതി. ആലുവ ഫ്രണ്ട്ഷിപ്പിന്‌ സമീപം വാടകവീട്ടിൽ താമസിക്കുന്ന ദേവിയാണ് നിർധനരായവരെ അന്നമൂട്ടുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേവി ഭക്ഷണപ്പൊതി നൽകാറുണ്ട്. ബ്യൂട്ടീഷൻ ആയി ജോലിചെയ്തിരുന്ന ദേവിയിപ്പോൾ മൂന്ന് വീടുകളിൽ വീട്ടുജോലിക്ക്‌ പോകുന്നുണ്ട്. ഇതിലെ വരുമാനത്തിന്റെ ഒരുഭാഗമാണ് ഭക്ഷണപ്പൊതി തയ്യാറാക്കാൻ ചെലവിടുന്നത്. ലോക്ഡൗൺ ആയതോടെ മിക്കവാറും ദിവസങ്ങളിൽ ഭക്ഷണം എത്തിക്കുന്നുണ്ട്.

മുപ്പത്തടം ബാങ്കിന്റെ സഹായഹസ്തം

കടുങ്ങല്ലൂർ : ദുരിതകാലത്ത് കഷ്ടത്തിലായവരെ സഹായിക്കാൻ മുപ്പത്തടം സഹകരണ ബാങ്കിൽ ‘സഹായഹസ്തം’ പദ്ധതി തുടങ്ങി.

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളുടെ കുടുംബങ്ങളിലേക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ വിതരണോദ്ഘാടനം നടത്തി.

ഡി.വൈ.എഫ്.ഐ. ഭക്ഷ്യക്കിറ്റുകൾ നൽകി

കാലടി : ഡി.വൈ.എഫ്.ഐ. മഞ്ഞപ്ര മേഖലാ കമ്മിറ്റി കോവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ലോക്ഡൗൺ കാലയളവിൽ രണ്ടാമത്തെ തവണയാണ് ഭക്ഷ്യക്കിറ്റ് വിതരണം.

പഴവർഗങ്ങളും കപ്പയും പച്ചക്കറിയുമടങ്ങിയ സ്‌നേഹവണ്ടിയുടെ ഫ്‌ളാഗ് ഒാഫ് സി.പി.എം. അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ. ഷിബു നിർവഹിച്ചു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബിബിൻ വർഗീസ്, മേഖലാ സെക്രട്ടറി എൽദോ ബേബി, വാർഡംഗം സി.വി. അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

മൂക്കന്നൂരിൽ ഫുഡ് ബാങ്ക്

അങ്കമാലി : മൂക്കന്നൂർ വികസന സമിതി ഭക്ഷ്യ ദൗർലഭ്യം പരിഹരിക്കുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ ചാരിറ്റി ഫുഡ് ബാങ്ക് ആരംഭിച്ചു.

സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നത് ഗ്രാമത്തിലെ കർഷകരുടെ ഭവനങ്ങളിൽ നിന്നുമാണ്. ഇങ്ങനെ ലഭിക്കുന്ന വിഭവങ്ങൾ ഓരോ വാർഡിലും അർഹതപ്പെട്ടവർക്ക് എത്തിക്കും.