പറവൂർ : ചാത്തനാട്-വലിയകടമക്കുടി പാലത്തിന്റെ ഇരുകരകളിലെയും അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമായ 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായി വി.ഡി. സതീശൻ എം.എൽ.എ. അറിയിച്ചു. ഇതനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് സർക്കാർ നിശ്ചയിച്ച പൊന്നുംവില നൽകും. ഏഴിക്കര പഞ്ചായത്തിലെയും കടമക്കുടി പഞ്ചായത്തിലെയും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജ് കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. വീട് നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസത്തിനുള്ള പകരം ഭൂമിയും ഇതോടൊപ്പം നൽകും. ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കപ്പെട്ട വില നൽകി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്നും പാലത്തിന്റെ ബാക്കി നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ. അറിയിച്ചു.