പെരുമ്പാവൂർ : ലോക്ഡൗൺ ഇളവുകൾ 17-ന് പ്രാബല്യത്തിലാകുന്ന സാഹചര്യത്തിൽ നഗരസഭാ പ്രദേശത്തെ പൊതുജനങ്ങളും വ്യാപാര-വ്യവസായ സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇളവുകൾ പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ശ്രീരാമവിലാസം കരയോഗം ഭക്ഷ്യക്കിറ്റ് നൽകി

കോലഞ്ചേരി : കോവിഡിന്റെ രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തൃക്കളത്തൂർ ശ്രീരാമവിലാസം എൻ.എസ്.എസ്. കരയോഗം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

കരയോഗത്തിന്റെ പരിധിയിലുള്ള എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങളും സാമ്പത്തിക സഹായവും നൽകി.

രണ്ടാഴ്ചകൾക്കിടെ മൂന്നാം തവണയാണ് കരയോഗം ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ്്‌ സുകുമാരൻ നായർ കീഴേത്ത് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡൻറ്്‌ ശ്യാംകുമാർ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.

കരയോഗം അംഗങ്ങളായ സുമനസ്സുകളുടെ സഹായത്താലാണ് ഇതിലേക്കാവശ്യമായ ഉത്പന്നങ്ങൾ കണ്ടെത്തിയത്.

ചടങ്ങിൽ കരയോഗം സെക്രട്ടറി രാമചന്ദ്രൻ നായർ വൈശാഖ്, കരയോഗം ട്രഷറർ ബിനോജ്മോൻ ജിതേന്ദ്രൻ, ഹരിദാസ്, പ്രദീപ്കുമാർ, സുരേഷ് കല്യേപ്പിള്ളിൽ എന്നിവർ സംബന്ധിച്ചു.