കൊച്ചി: പേരമരത്തിന്റെ ഇലകളെ തൊടുമ്പോൾ സുഹാസിന്റെ മുഖത്താദ്യം അദ്ഭുതമാണ് നിറഞ്ഞത്: “ഇതെന്താ ഈ പേരമരത്തിൽ രണ്ടു നിറങ്ങളിലുള്ള ഇലകൾ?...”

ഉത്തരം പറഞ്ഞത് ഉദ്യാനപാലകനായിരുന്ന സോമനായിരുന്നു: “ഇതൊരു പ്രത്യേക ഇനം പേരയാണ്. ഇതിൽ നിറയെ പേരയ്ക്ക ഉണ്ടാകും. കിളികൾ വന്ന്‌ പേരയ്ക്ക കൊത്തിത്തിന്നാറുമുണ്ട്...”

സോമന്റെ വാക്കുകൾ തീരുംമുമ്പേ സുഹാസ് പറഞ്ഞു: “ഈ ഭൂമി പക്ഷികൾക്കും പ്രാണികൾക്കും എല്ലാം അവകാശപ്പെട്ടതല്ലേ? പക്ഷികൾ വന്ന്‌ പേരയ്ക്ക മാത്രമല്ല, ഈ ഭൂമിയിലെ മധുര ഫലങ്ങളെല്ലാം കൊത്തിത്തിന്നട്ടെ...”

ആലുവയിൽ പെരിയാറിന്റെ തീരത്ത്‌ ‘മാതൃഭൂമി’ നട്ടു നനച്ച്‌ വളർത്തി പരിപാലിക്കുന്ന മാതൃകാത്തോട്ടം സന്ദർശിക്കാനെത്തിയതായിരുന്നു കളക്ടർ എസ്. സുഹാസ്.

വിസ്മയം ഈ കാഴ്ച

എറണാകുളത്ത് സബ് കളക്ടറായിരിക്കെ, ഇവിടെയെത്തി താൻ നട്ട പേരമരത്തിന്റെ അരികിലേക്കാണ് സുഹാസ് ആദ്യമെത്തിയത്.

“മൂന്നര വർഷം മുമ്പ് ഇവിടെയെത്തുമ്പോൾത്തന്നെ എനിക്ക്‌ ഈ ഭൂമിയുടെ സവിശേഷത മനസ്സിലായിരുന്നു. അന്നു നട്ട ഈ പേരമരം ഇത്രമേൽ വളർന്നുവെന്നറിയുമ്പോൾ വലിയ സന്തോഷം. പേര മാത്രമല്ല, ഇവിടത്തെ എല്ലാ മരങ്ങളും വലിയൊരു അദ്‌ഭുതക്കാഴ്ചയാണ്. 2015 ജനുവരിയിലാണ് മാതൃകാത്തോട്ടം നടപ്പാക്കാൻ മാതൃഭൂമി ഡി.ടി.പി.സി.യും ജില്ലാ ഭരണകൂടവുമായും കരാറൊപ്പിട്ടത്. അതേ വർഷം ജൂണിൽ തോട്ടത്തിന്റെ ഉദ്ഘാടനം നടന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വെറും അഞ്ചു വർഷം കൊണ്ട് അന്നത്തെ തരിശുഭൂമി ഇത്രമേൽ സമൃദ്ധമായ ഹരിതഭൂമിയായെന്ന്‌ വിശ്വസിക്കാൻ പ്രയാസം. ഇപ്പോൾ ആരു കണ്ടാലും ഈ മരങ്ങളൊക്കെ വെച്ചുപിടിപ്പിച്ചിട്ട്‌ കുറഞ്ഞത്‌ 20 കൊല്ലമെങ്കിലുമായെന്നേ പറയൂ. അദ്ഭുതകരവും വിശുദ്ധവുമായ ഒരു ഹരിത സംസ്കാരമാണ് ഇവിടെ വളർന്നു പന്തലിച്ചിരിക്കുന്നത്” - സുഹാസ് പറഞ്ഞു.

പ്രകൃതിയുടെ പ്രവാചകൻ

മാതൃകാത്തോട്ടത്തിലെ വിസ്മയക്കാഴ്ചകൾ കണ്ടു നടക്കുമ്പോൾ പഴയ കാലം സുഹാസ് ഓർത്തെടുത്തു. “സീതാരാമൻ എന്ന പ്രകൃതിയുടെ പ്രവാചകനെയാണ് ഞാനിപ്പോൾ ഓർക്കുന്നത്. പ്രകൃതി സംരക്ഷണത്തിനായി മാതൃഭൂമി സ്കൂളുകളിൽ നടത്തുന്ന ‘സീഡ്’ പദ്ധതിയുടെ സ്രഷ്ടാക്കളിൽ ഒരാളായ പരിസ്ഥിതി പ്രവർത്തകൻ ഡോ. എസ്. സീതാരാമനായിരുന്നു മാതൃകാത്തോട്ടം എന്ന ആശയത്തിനു പിന്നിലും. െറസ്റ്റോറന്റ് പൊളിച്ച 1.3 ഏക്കർ സ്ഥലമാണ് ആദ്യം മാതൃഭൂമി ഏറ്റെടുത്തത്. അന്നത്തെ കളക്ടർ എം.ജി. രാജമാണിക്യം ഈ പദ്ധതിക്ക്‌ എല്ലാ പിന്തുണയും പ്രഖ്യാപിച്ചപ്പോൾ സബ് കളക്ടർ എന്ന നിലയിൽ ഞാനും വലിയ ആവേശത്തിലായി” - സുഹാസ് പറഞ്ഞു.

ഹരിതഭംഗി തുടരണം

തീരദേശ നിയമം ലംഘിച്ച് നിർമിച്ച െറസ്റ്റോറന്റ് കോടതി പൊളിപ്പിച്ചപ്പോൾ ആ തരിശുഭൂമി ഏറ്റെടുത്ത് മാതൃഭൂമി നടത്തിയ ഇന്ദ്രജാലം തുടരണമെന്നാണ്‌ സുഹാസ് ആഗ്രഹിക്കുന്നത്. മാതൃകാത്തോട്ടത്തിന്റെ ഉദ്ഘാടനം നടന്നപ്പോൾ അവിടത്തെ വൃക്ഷത്തൈകളുടെ പേരും ശാസ്ത്രീയ നാമവുമെഴുതി പ്രദർശിപ്പിച്ച ബോർഡുകൾ ജസ്റ്റിസ് രാധാകൃഷ്ണനും കളക്ടർ എം.ജി. രാജമാണിക്യവും ചേർന്ന്‌ അനാവരണം ചെയ്ത കാര്യവും സുഹാസ് ഓർത്തു. അരളി, അമ്പഴം, ആത്ത, ഏഴിലംപാല, കുടംപുളി, ചെമ്പകം തുടങ്ങി 30 ഇനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചായിരുന്നു തോട്ടത്തിന്റെ സമർപ്പണം.

മാതൃകാത്തോട്ടത്തിൽനിന്ന്‌ മടങ്ങുമ്പോൾ ഇലകളെ തഴുകി സുഹാസ് പറഞ്ഞു: “മാതൃഭൂമി മാതൃകാത്തോട്ടം ഹരിത വിശുദ്ധിയുടെ അടയാളമായി ഇനിയും പൂത്തുലഞ്ഞു നിൽക്കട്ടെ. കാരണം, അത്‌ പരിസ്ഥിതി പ്രവർത്തനത്തിനുള്ള എക്കാലത്തേയും വലിയ അടയാളങ്ങളിൽ ഒന്നാണ്”.