കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽനിന്ന്‌ സംവിധായകൻ ഷാജി എൻ. കരുണിനെ ഒഴിവാക്കിയിട്ടില്ലെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഷാജി എൻ. കരുണിനെ മേളയിൽനിന്ന് ഒഴിവാക്കിയെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണ്.

ചില വ്യക്തികളോടുള്ള പ്രശ്നങ്ങളുടെ പേരിൽ അക്കാദമിയോടു സഹകരിക്കാത്തതു ശരിയല്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽവെച്ചും അദ്ദേഹത്തെ ക്ഷണിച്ചു. ഇതിനുപുറമേ മേളയിലേക്കു ക്ഷണിച്ച് ആറു തവണ അദ്ദേഹത്തിന് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഓർമക്കുറവുണ്ടെങ്കിൽ ഒന്നും പറയാനില്ല. വിഷമമുണ്ടായെങ്കിൽ അദ്ദേഹത്തോടു മാപ്പുപറയാൻ തയ്യാറാണ്-കമൽ പറഞ്ഞു.

ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിലെ ഉദ്ഘാടന ചടങ്ങിൽ നടൻ സലിംകുമാറിനെ ഉൾപ്പെടുത്തിയില്ലെന്ന വിവാദത്തിനും അദ്ദേഹം മറുപടി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണു സലിംകുമാർ മേളയിൽനിന്നു വിട്ടുനിൽക്കുന്നത്. അര മണിക്കൂറോളം അദ്ദേഹത്തോടു സംസാരിച്ചതാണ്. സലിംകുമാറുമായി വർഷങ്ങളായുള്ള സൗഹൃദമുണ്ട്. കാര്യങ്ങൾ ബോധിപ്പിച്ചിട്ടും അദ്ദേഹത്തിനു മനസ്സിലായിട്ടില്ല. അദ്ദേഹത്തിന്റെ വാദങ്ങൾ തെറ്റാണ്. നേരിട്ടുവിളിച്ച്‌ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹം വരാൻ വിസമ്മതിച്ചു. ആർക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും കമൽ പറഞ്ഞു.