തർക്കോവ്‌സ്‌കിയുടെ ഓർമകളിൽ

സ്‌ട്രൈഡിങ് ഇൻ ടു ദി വിൻഡ്

: സത്യത്തിന്റെയും മിഥ്യയുടെയും അതിവിദഗ്ദ്ധമായ ഇഴചേർക്കലാണ് തർക്കോവ്‌സ്കിയുടെ ചിത്രങ്ങൾ. ‘സ്‌ട്രൈഡിങ് ഇൻ ടു ദി വിൻഡ്’ കണ്ടപ്പോൾ തർക്കോവ്‌സ്കിയെ പലപ്പോഴും ഓർത്തുപോയി. അദ്ദേഹത്തിന്റെ സൊളാരിസ് എന്ന ചിത്രത്തിലെ സംഗീതത്തോടും ടണലിനുള്ളിലെ യാത്രയോടുമൊക്കെ സാദൃശ്യം തോന്നിയ ഒരുപാടു കാഴ്ചകൾ ഈ ചിത്രത്തിലുണ്ടായിരുന്നു. വളരെ പതുക്കെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഓരോ സീനിലും ക്രോസ് കട്ടിങ് ഇല്ല എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.

- പ്രവീൺ, എറണാകുളം

അലക്‌സും ഡേവിഡും പറയുന്നത്

സമ്മർ ഓഫ് 85

എന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ചിത്രമായതിനാൽ സിനിമ കാണാൻ രാവിലെ തന്നെ കവിത തിയേറ്ററിലെത്തി. വേനൽക്കാലത്ത്‌ നദിയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന അലക്‌സിനെ അപരിചിതനായ ഡേവിഡ് രക്ഷിക്കുന്നതും ഇരുവർക്കുമിടയിൽ തീക്ഷ്ണമായ സ്നേഹബന്ധം ഉടലെടുക്കുന്നതുമാണ് സിനിമയുടെ കഥ. അലക്‌സിന്റെ ഓർമകളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് എനിക്ക്‌ ഒരുപാടിഷ്ടമായി. കഥ അവസാനിക്കാതെ പ്രതീക്ഷയുടെ തുടർച്ച സിനിമ അനുഭവിപ്പിക്കുന്നുണ്ട്.

- ജയകൃഷ്ണൻ, ആലുവ

ആന്തരിക സംഘർഷങ്ങളുടെ ചൂളയിൽ

ദി വേസ്റ്റ്‌ലാൻഡ്

മനോഹരമായൊരു റിയലിസ്റ്റിക് സിനിമയായിട്ടാണ് ഈ ചിത്രം എനിക്ക്‌ അനുഭവപ്പെട്ടത്. പരമ്പരാഗത രീതിയിൽ ഇഷ്ടിക നിർമിക്കുന്ന ഒരു കമ്പനിയുടെ പശ്ചാത്തലത്തിലാണു കഥ പറയുന്നത്. ഫാക്ടറി അടച്ചുപൂട്ടേണ്ടി വരുന്ന അവസ്ഥ തൊഴിലാളികളെ അറിയിക്കാൻ കഴിയാതെ വിഷമിക്കുന്ന സൂപ്പർവൈസർ ലൊട്ട്‌ഫോല്ലാഹിന്റെ ആന്തരിക സംഘർഷങ്ങൾ നമ്മുടെ മനസ്സിലും നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കും. അപ്രതീക്ഷിതമായ ഒരു അവസാനം കൂടിയാകുമ്പോൾ ചിത്രം ആഴത്തിലുള്ള അനുഭവം തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണത്തിനും മികച്ച മാർക്കു നൽകേണ്ടതുണ്ട്.

- എൻ. തനൂജ, ഫോർട്ട്‌കൊച്ചി