കൊച്ചി : സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർന്ന കേസിലെ കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ടാക്സി ഡ്രൈവറായ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കേസിൽ അറസ്റ്റിലായ എം.എസ്. ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരെ കഴിഞ്ഞദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ ശനിയാഴ്ച പോലീസ് നൽകും. ഇവർ കൂടുതൽപേരെ സമാനമായ രീതിയിൽ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ ഫോണിൽ വിളിച്ചുവരുത്തി ബലമായി കാറിൽ കയറ്റിയ ശേഷം, മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവരുകയായിരുന്നു.

നഗരത്തിൽ രണ്ടിടങ്ങളിലാണ് സമാനമായ കവർച്ച പ്രതികൾ നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ദമ്പതിമാരെ പിടികൂടാനായെങ്കിലും കൂട്ടുപ്രതിയായ ഡ്രൈവർ ഒളിവിൽ പോകുകയായിരുന്നു.