കൊച്ചി : ‘ഒരു ഫ്ളാഷ്ബാക്ക് സ്റ്റോറി’ എന്ന പുതിയ സിനിമയ്ക്കായി സ്‌ക്രീനിലെ രംഗം നോക്കി ഡയലോഗ് ഡബ്ബ് ചെയ്യുന്ന താരത്തെ കണ്ടപ്പോൾ സ്റ്റുഡിയോയിലുള്ളവർക്ക് അദ്‌ഭുതം. തൂവെള്ള കുപ്പായത്തിൽ ഇയർഫോൺ വെച്ച് അനായാസം ഡബ്ബിങ് തുടരുകയാണ് കെ.വി. തോമസ് എന്ന രാഷ്ട്രീയ നേതാവ്. സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയായിട്ടുള്ള തോമസ് മാഷിന് സിനിമയിലും വേഷം മന്ത്രിയുടേതുതന്നെ. ഡബ്ബിങ്‌ പോലെ തന്നെ അനായാസമായിട്ടായിരുന്നു മാഷിന്റെ അഭിനയവും.

റോയ് പല്ലിശ്ശേരിയാണ് ‘ഒരു ഫ്ളാഷ്ബാക്ക് സ്റ്റോറി’ യുടെ സംവിധായകൻ. കലാ സാംസ്കാരിക മന്ത്രിയുടെ വേഷമാണ് കെ.വി. തോമസ് ചെയ്യുന്നത്.

“കോളേജ് പ്രൊഫസറായിരുന്ന സമയത്ത് രാഷ്ട്രീയക്കാരനാകുമെന്ന്‌ കരുതിയതല്ല. രാഷ്ട്രീയക്കാരനായ സമയത്ത് നടനാകുമെന്നും കരുതിയതല്ല. സംഭവിക്കുന്നതെല്ലാം നല്ലതിന്‌ എന്നാണ് ഞാൻ വിശ്വസിക്കുന്നത്” - കെ.വി. തോമസ് പറഞ്ഞു.

നല്ലൊരു നടനാണ് കെ.വി. തോമസെന്ന് സംവിധായകൻ റോയ് സാക്ഷ്യപ്പെടുത്തുന്നു.

മമ്മൂട്ടി തന്റെ വിദ്യാർഥിയായിരുന്നെന്ന കൗതുകവും കെ.വി. തോമസ് ഓർത്തെടുത്തു. “മമ്മൂട്ടിയെ അന്ന്‌ തേവര എസ്.എച്ച്. കോളേജിൽ പഠിപ്പിക്കുമ്പോൾ അദ്ദേഹം മെഗാ സ്റ്റാറാകുമെന്ന്‌ വിചാരിച്ചിരുന്നില്ല. ജൂബിലി പ്രൊഡക്ഷൻസിലെ ജോയി സുഹൃത്തായതിനാൽ അദ്ദേഹത്തിന്റെ ഒരുപാട്‌ സിനിമകളുടെ ഷൂട്ടിങ് കാണാൻ പോയിട്ടുണ്ട്. മാണി സി. കാപ്പനോടൊപ്പവും കുറെ സിനിമാ ഷൂട്ടിങിന്‌ പോയിട്ടുണ്ട്. നടൻ സലിംകുമാറുമായും നല്ല അടുപ്പമുണ്ട്. ഇതൊക്കെയാണ് എന്റെ സിനിമാ പരിചയം’’ - കെ.വി. തോമസ് പറഞ്ഞു.