ആലുവ : പെരിയാറിൽ നിന്ന് മണൽവാരൽ നിർബാധം തുടർന്നിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.

ഏതാനും ആഴ്ച മുൻപാണ് യുവമോർച്ച പ്രവർത്തകർ രാത്രി കാവൽ നിന്ന് മണൽ കയറ്റിയ ലോറികൾ പിടികൂടിയത്. അതിനു ശേഷവും മണൽവാരലിന് ശമനമില്ല.

കഴിഞ്ഞ ദിവസം മണൽ കടത്തിയ ലോറി മഹിളാലയം ഭാഗത്ത് തകരാറിലായി. നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ലോറി കസ്റ്റഡിയിലെടുത്തു. പെരിയാറിൽ പട്രോളിങ് നടത്താൻ ബോട്ട് സംവിധാനമില്ലെന്നാണ് പോലീസ് പറയുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപു വരെ രണ്ട് ഫൈബർ ബോട്ടുകൾ പോലീസിന്റെ പക്കലുണ്ടായിരുന്നു.

ആലുവ പാലസ് ജെട്ടിയിലാണ് ഇവ ഇട്ടിരുന്നത്. 2018-ലെ പ്രളയത്തിനു ശേഷം ബോട്ടുകൾ ഉപയോഗശൂന്യമായി. മറുനാടൻ തൊഴിലാളികളെ ഉപയോഗിച്ച് പ്രദേശവാസികൾ തന്നെയാണ് മണൽ വാരലിന് നേതൃത്വം കൊടുക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേയ്ക്കാണ് മണൽ പോകുന്നത്.

കരുനാഗപ്പിള്ളി രജിസ്‌ട്രേഷനിലുള്ള ലോറിയാണ് മഹിളാലയത്ത് വെച്ച് തകരാറിലായത്. അതേസമയം, കീഴ്മാട് പഞ്ചായത്തിന്റെ അനുമതിയോടെയാണ് മണൽവാരൽ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ 20 ദിവസമായി പെരിയാറിൽ മണൽവാരൽ തുടരുകയാണ്. മണൽവാരലിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇതിനാലാണ് പോലീസ് നടപടി എടുക്കാത്തതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തെത്താനാണ് തീരുമാനം. മണൽ വാരലിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെരീം കല്ലുങ്കൽ ആവശ്യപ്പെട്ടു.