കൊച്ചി : പൊതുപ്രവർത്തന രംഗത്ത്‌ സൗമ്യതയുടെ മുഖമായിരുന്ന ഒരാളെയാണ് മിനി ആർ. മേനോന്റെ മരണത്തിലൂടെ കൊച്ചിക്ക്‌ നഷ്ടമാകുന്നത്. എറണാകുളത്ത് ബി.ജെ.പി. യുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും സജീവ പ്രവർത്തക എന്ന നിലയ്ക്ക്‌ സുപരിചിതയായ മിനി, 2002-ൽ മഹാരാജാസ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. വിവാഹശേഷം ഭർത്താവിനാപ്പം ദുബായിലായിരുന്ന മിനി ഹോണ്ടാ മോട്ടോഴ്‌സിൽ അഡ്മിനായി ജോലി നോക്കിയിരുന്നു. 2016 മുതലാണ് എറണാകുളത്ത് പാർട്ടി പ്രവർത്തനവുമായി സജീവമായത്.

സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ മിനി ബി.ജെ.പി.യുടെ മണ്ഡലം സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ്, സഹകാർ ഭാരതിയുടെ സംസ്ഥാന മഹിളാ പ്രമുഖ് എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷന്റെ 62-ാം ഡിവിഷനിൽ നിന്നാണ് മിനി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ്കാലത്ത് സമൂഹത്തിനായി നടത്തിയ മിനിയുടെ പ്രവർത്തനങ്ങൾ മറക്കാൻ പറ്റാത്തതാണെന്ന്‌ നാട്ടുകാർ പറയുന്നു.

കലൂർ ശ്രീരാമകൃഷ്ണാശ്രമം, എറണാകുളം കരയോഗം, സ്പാർക്‌ ഇൻ എന്ന സംഘടന തുടങ്ങിയവുമായി ചേർന്ന്‌ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ മിനി പങ്കാളിയായി. കോവിഡ് ലോക്ഡൗണിൽ പ്രതിസന്ധിയിലായ കോളനികളിൽ പലവ്യഞ്ജനങ്ങളും ഭക്ഷണസാധനങ്ങളും എത്തിക്കാനും മിനി മുന്നിട്ടിറങ്ങി.

കോവിഡ്‌കാലത്ത് രാത്രി ഏറെ വൈകിയും കോളനികളിൽ ഭക്ഷണവും മറ്റും എത്തിക്കാൻ മിനി നടത്തിയ ശ്രമങ്ങൾ മറക്കാൻ പറ്റാത്തതാണെന്ന്‌ ബി.ജെ.പി. മധ്യമേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്താണ് മിനിയുടെ രോഗം മൂർച്ഛിക്കുന്നത്. അതോടെ സജീവമായി പൊതുരംഗത്ത്‌ പ്രവർത്തിക്കാൻ കഴിയാതെ പോയെങ്കിലും ഫോണിലൂടെ മിനി പ്രവർത്തകരുമായും വാർഡിലെ ജനങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരുന്നു. രോഗം കലശലായതോടെ പൊതുപ്രവർത്തനം നിർത്തേണ്ടിവന്നതിൽ മിനിക്ക്‌ ഏറെ സങ്കടവുമുണ്ടായിരുന്നു. ജനങ്ങൾക്കുവേണ്ടി എത്ര പ്രവർത്തിക്കാമോ അത്രയും ചെയ്യുന്നതാണ് ജീവിതത്തിന്റെ നിയോഗമെന്നാണ് മിനി എപ്പോഴും പറഞ്ഞിരുന്നതെന്ന്‌ അടുത്ത സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.