തൃപ്പൂണിത്തുറ : എസ്.എൻ. ജങ്ഷനിൽ നിന്നും മെട്രോ റെയിലിനോടനുബന്ധിച്ച് നാലുവരിപ്പാതയും നിർമിക്കണമെന്നാവശ്യപ്പെട്ട് ‘ട്രൂറ’യുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെടുത്തുവാൻ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇതിനായി മെട്രോ റെയിൽ-റോഡ് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു.

റോഡ് സൗകര്യം ഒരുക്കാതെ മെട്രോ റെയിൽ നിർമിച്ചാൽ മാർക്കറ്റ് റോഡ്, പള്ളിപ്പറമ്പുകാവ് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ പുറത്തിറങ്ങാനാവാത്തവിധം വാഹനക്കുരുക്ക് ഉണ്ടാകും. ഈ പ്രദേശത്തെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് പദ്ധതിക്ക് മെട്രോ അധികാരികൾ അംഗീകാരം നൽകിയിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി. കൺവീനറായി ‘ട്രൂറ’ മേഖലാ വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രനെ തിരഞ്ഞെടുത്തു. ‘ട്രൂറ’ മധ്യമേഖലാ പ്രസിഡന്റ് എം. രവി അധ്യക്ഷനായിരുന്നു. ചെയർമാൻ വി.പി. പ്രസാദ്, കൺവീനർ വി.സി. ജയേന്ദ്രൻ, കെ.ജി. നന്ദകുമാർ, കെ.കെ. ഗോകുലനാഥൻ, ഡി. മനോഹരൻ, പി.എം. ബോബൻ, എം.ജെ. ബാബു, പത്മനാഭൻ, സനിൽകുമാർ, പി. ഇന്ദുചൂഡൻ, പി.എൻ. ജയദേവൻ, പി. സതീഷ് കുമാർ, എൻ.ആർ. ശശിധരൻ, ഡോ. പി.സി. തോമസ് എന്നിവർ പ്രസംഗിച്ചു.