പറവൂർ : അന്തരിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥന് പോലീസുകാർ പി.പി.ഇ. കിറ്റ് ധരിച്ച്‌ ഗാർഡ് ഓഫ് ഓണർ നൽകി. കഴിഞ്ഞ ദിവസം അന്തരിച്ച ഗോതുരുത്ത് കൈമാതുരുത്തി ജോബോയ് (56)ക്കാണ് ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഹപ്രവർത്തകർ ഗാർഡ് ഓഫ് ഓണർ നൽകിയത്. ഗോതുരുത്ത് സെയ്ന്റ് സെബാസ്റ്റിൻസ് പള്ളിയിലായിരുന്നു സംസ്കാരം. കഴിഞ്ഞ മാർച്ചിലാണ് മുളവുകാട് സ്റ്റേഷനിൽനിന്ന്‌ ജോബോയ്‌ സബ് ഇൻസ്പെക്ടറായി വിരമിച്ചത്. കോവിഡ് ബാധിച്ച ശേഷം നെഗറ്റീവായെങ്കിലും പിന്നീട് ന്യുമോണിയ പിടിപെട്ട് ചികിത്സയിലിരിക്കെയാണ് മരണം.