കുറുപ്പംപടി : വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കോവിഡ് ബാധിച്ച് നാലുപേർ മരിച്ച സാഹചര്യത്തിൽ അശമന്നൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

കൂടുതൽ രോഗികൾ ഉള്ള വാർഡുകൾ പ്രത്യേകം നിരീക്ഷിക്കാനും വീടുവിട്ട് പുറത്തിറങ്ങി നിയമം ലംഘിക്കുന്നവർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കാനും യോഗം പോലീസിനോട് ആവശ്യപ്പെട്ടു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. മത്സ്യ-മാംസ വില്പന കേന്ദ്രങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചുവരെ പാഴ്‌സൽ മാത്രം നൽകി പ്രവർത്തിക്കാം. നിയന്ത്രണങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കാനും ഏഴ് ദിവസത്തേക്ക് അടച്ചിടാനുമാണ് നിർദേശം. പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടപടികൾ. മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.

പഞ്ചായത്തിൽ ഇതുവരെ ആകെ 1560 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 1149 പേർ രോഗമുക്തരായി. എട്ടുപേർ മരിച്ചു. 411 പേർ ചികിത്സയിലും 502 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ടെന്ന് വൈസ്‌ പ്രസിഡന്റ് ജോബി ഐസക് അറിയിച്ചു. പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.3 ശതമാനമാണ്. പൂമല കെ.എം.പി. കോളേജിൽ ഡി.സി.സി. പ്രവർത്തനം വെള്ളിയാഴ്ച തുടങ്ങി. അശമന്നൂർ എടയക്കുടി ഗുരുചരൺസിങ്‌ (65), തെക്കേ പുന്നയം നെടുമ്പുറത്ത് കോട്ടയ്ക്കൽ മേരി (82), പുന്നയം മാനാക്കര ശ്രീകുമാർ (53), ഓടയ്ക്കാലി പാറയ്ക്കൽ രാജൻ (55) എന്നിവരാണ് അശമന്നൂരിൽ വെള്ളി, ശനി ദിവസങ്ങളിൽ കോവിഡ് ബാധിതരായി ചികിത്സയിലിരിക്കെ മരിച്ചത്.