കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കി അതതു പ്രദേശങ്ങളിലെ ലോക്ഡൗണിൽ തദ്ദേശ സ്ഥാപനങ്ങൾക്കു തീരുമാനമെടുക്കാമെന്ന സർക്കാർ നിർദേശത്തിൽ ആദ്യം ആശയക്കുഴപ്പം. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ജില്ലയിൽ 30-നു മേൽ ടി.പി.ആർ. ഉള്ള നാലു പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ, കണക്ക് രേഖപ്പെടുത്തിയതിലെ പ്രശ്നങ്ങളും പഴയ കണക്കുകൾ വന്നതുമാണ് ഈ പഞ്ചായത്തുകളിൽ ടി.പി.ആർ. ഉയരാൻ കാരണമായത്. യഥാർത്ഥത്തിൽ ഇവിടെ ഇപ്പോൾ ടി.പി.ആർ. 20-ൽ താഴെയാണെന്നും അതിനാൽ ട്രിപ്പിൾ ലോക്ഡൗൺ വേണ്ടെന്നുമാണ്‌ പഞ്ചായത്ത് അധികൃതർ പറഞ്ഞത്.

പുതുക്കിയ പട്ടിക പ്രകാരം മൂന്നു പഞ്ചായത്തുകൾ 30-ൽ താഴെ ടി.പി.ആറിലേക്കു മാറിയിട്ടുണ്ട്. ആദ്യത്തെ പട്ടികയിൽ ചിറ്റാറ്റുകര, കരുമാലൂർ, കുമ്പളങ്ങി, വാളകം പഞ്ചായത്തുകളാണ് 30-നു മുകളിൽ ടി.പി.ആറുമായി ഡി വിഭാഗത്തിൽ നിന്നിരുന്നത്. പുതിയ പട്ടിക പ്രകാരം കുമ്പളങ്ങി 20-നും 30-നും ഇടയിൽ ടി.പി.ആർ. ഉള്ള സി വിഭാഗത്തിലും കരുമാലൂർ എട്ടിനും 20-നുമിടയിലുള്ള ബി വിഭാഗത്തിലുമാണ്. ഏറ്റവും വലിയ മാറ്റം വാളകത്തിന്റേതാണ്. എട്ടിൽ താഴെ ടി.പി.ആർ. ഉള്ള എ വിഭാഗത്തിലാണ് വാളകം. ലോക്ഡൗൺ ഇളവുകളിൽ വ്യക്തത വരുത്താൻ പല പഞ്ചായത്ത് അധികൃതരും ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.

ഒന്നിച്ചു നൽകിയ കരുമാലൂർ

കരുമാലൂർ പഞ്ചായത്ത് ആദ്യം ട്രിപ്പിൾ ലോക്ഡൗണിലേക്കു പോകുമെന്നു കരുതാൻ കാരണം കണക്കുകൾ ഒന്നിച്ചു നൽകിയതിലെ പ്രശ്നമായിരുന്നു. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച്‌ കരുമാലൂരിലെ ടി.പി.ആർ. 31.03 ആണ്. എന്നാൽ മേയ് 26 മുതൽ ജൂൺ 12 വരെയുള്ള കാലയളവിൽ പരിശോധനകൾ നടന്നെങ്കിലും എല്ലാ ദിവസവും അതിന്റെ കണക്ക്‌ അധികൃതർക്കു നൽകിയിരുന്നില്ല. പിന്നീട് ഒന്നിച്ചു കണക്കു നൽകിയപ്പോഴാണ് കരുമാലൂരിൽ രോഗികളുടെ എണ്ണം കൂടി ടി.പി.ആർ. 30-നു മുകളിലെത്തിയത്. ഇപ്പോൾ ഇവിടെ ടി.പി.ആർ. 18-ൽ താഴെയാണെന്ന്‌ പഞ്ചായത്ത് അധികൃതർ പറയുന്നു. ആ കണക്കുകൾ ശരിവെച്ചാണ് കരുമാലൂർ പഞ്ചായത്ത് ഇപ്പോൾ ബി വിഭാഗത്തിലേക്കു മാറി ട്രിപ്പിൾ ലോക്‌ഡൗണിൽ നിന്ന്‌ ഒഴിവായത്.

കുമ്പളങ്ങിയിലെ ആശയക്കുഴപ്പം

ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 30.98 ടി.പി.ആർ. ഉള്ള കുമ്പളങ്ങിയിലും ട്രിപ്പിൾ ലോക്ഡൗൺ വേണ്ടിവരുമായിരുന്നു. എന്നാൽ കണക്കിലെ പ്രശ്നമാണ് കുമ്പളങ്ങിയെ ട്രിപ്പിൾ ലോക്ഡൗണെന്ന ആശയക്കുഴപ്പത്തിലേക്ക് എത്തിച്ചതെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ പറഞ്ഞു. “പഴയ കണക്കനുസരിച്ചാണ് ഇത്ര കൂടിയ ടി.പി.ആർ. വന്നത്. നേരത്തെ കോവിഡ് ബാധിതരെയും അവരുടെ വീട്ടുകാരെയുമാണ്‌ പരിശോധനയ്ക്കു കൊണ്ടുവന്നിരുന്നത്. രോഗികളുടെ വീട്ടുകാരിൽ പലർക്കും രോഗം വരാൻ സാധ്യതയുള്ളതുകൊണ്ട്‌ പരിശോധനയ്ക്കു വരുന്നവരിൽ മിക്കവരും പോസിറ്റീവായിരുന്നു. ആ കണക്കുകൾ അനുസരിച്ചാണ് പ്രദേശത്തെ ടി.പി.ആർ. 30-നു മുകളിലായത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. നാലുവീതം വാർഡുകളിലായി തിങ്കളാഴ്ച 418 പേർക്കും ചൊവ്വാഴ്ച 416 പേർക്കും പരിശോധന നടത്തി. ഇതിൽ രേഖപ്പെടുത്തിയ ടി.പി.ആർ. 18-ൽ താഴെയാണ്. പുതിയ കണക്കനുസരിച്ച് 20-ൽ താഴെയെത്തിയില്ലെങ്കിലും അതി തീവ്ര മേഖലയിൽ നിന്നു മാറാൻ കഴിഞ്ഞിട്ടുണ്ട്” - സഗീർ പറഞ്ഞു.