കൊച്ചി: തപാൽ വകുപ്പിന് പിടിപ്പത്‌ പണിയുണ്ട്. കത്തുകൾ, മണിയോർഡർ ഇതിനു പുറമേ പാഴ്സൽ വിതരണവും. കോവിഡ് വ്യാപനവും ലോക്ഡൗണുമെത്തിയതോടെ തപാൽ വകുപ്പിന്‌ പണി കൂടി. ഈ സമയത്ത് ഏറെ പാഴ്സലുകൾ എത്തിയതിനാൽ വളരെ വേഗത്തിൽ ഡെലിവറി ചെയ്യാനുള്ള ശ്രമത്തിലാണ്‌ തപാൽ വകുപ്പ്. പാഴ്സലിൽ മദ്യമോ മറ്റു ലഹരിവസ്തുക്കളോ കടന്നുപോയാലും തിരിച്ചറിയാനാകില്ല. ഇത്തരത്തിൽ പാഴ്‌സലിന്റെ മറവിൽ മദ്യവും മറ്റ് വസ്തുക്കളും കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.

കേരളത്തിൽ മദ്യവില്പന ഇല്ലാതായതോടെ കർണാടകയിൽനിന്ന്‌ വാഹനങ്ങളിൽ കടത്തിക്കൊണ്ടുവരാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ മദ്യക്കടത്തിന് തപാൽ വകുപ്പിന്റെ പാഴ്‌സൽ സർവീസ് ഉപയോഗിക്കുമെന്ന് എക്സൈസ് വിചാരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം എറണാകുളം ഹെഡ് പോേസ്റ്റാഫീസിൽ, തപാലിൽ കർണാടകയിൽ നിന്നെത്തിയ പാഴ്സൽ എലി കരണ്ടതിനാൽ മാത്രമാണ് മദ്യത്തിന്റെ കഥ പുറത്തറിഞ്ഞത്.

സുരക്ഷിത മാർഗം

കൂടുതൽ സുരക്ഷിത മാർഗം എന്ന നിലയിലാണ്‌ തപാലായി ആളുകൾ മദ്യം അയച്ചുതുടങ്ങിയത്. ജില്ലയിലേക്ക് കർണാടകയിൽനിന്ന്‌ മദ്യമെത്തുന്നത് വളരെ കുറവായിരുന്നു. എന്നാൽ ശനിയാഴ്ച കർണാടകയിൽ നിന്നെത്തിച്ച 14 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം മരടിൽ പോലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് എറണാകുളത്തും കർണാടക മദ്യം എത്തുന്നുണ്ടെന്ന് അറിഞ്ഞത്. മറ്റു ലഹരിവസ്തുക്കളും തപാലായി എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് നിരീക്ഷണം ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം.

സ്ഥിരം നമ്പർ

മുമ്പ് സ്വകാര്യ കൂറിയർ സർവീസ് വഴി സിന്തറ്റിക് ലഹരി മരുന്നുകളും കഞ്ചാവും കടത്തിയിരുന്നു. ഇതിനെതിരേ എക്സൈസ് നടപടിയും കർശനമാക്കി. സംശയാസ്പദമായി പാഴ്‌സലുകൾ വന്നാൽ വിവരം എക്സൈസിനെ അറിയിക്കണമെന്ന്‌ കൂറിയർ ഏജൻസികൾക്ക്‌ നിർദേശം നൽകി. ഇതോടെ ലഹരികടത്തുകാരുടെ സ്ഥിരം നമ്പറും പൊളിഞ്ഞു.

കൂറിയർ അയയ്ക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും വിലാസവും ഫോൺ നമ്പറും തെറ്റായി രേഖപ്പെടുത്തി, പിന്നീട് കൂറിയർ എത്തിയിട്ടുണ്ടെന്നും ഫോൺ നമ്പർ പിശക് പറ്റിയെന്നും അറിയിച്ച് കൂറിയർ ഓഫീസിൽ എത്തുന്നതായിരുന്നു മറ്റൊരു രീതി. നിലവിൽ കൃത്യം വിലാസം നൽകേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. അതോടെ ആ വഴിയും അടഞ്ഞു.

പാക്കിങ് സൂപ്പർ

പ്രമുഖ ഇ-കൊമേഴ്‌സ് വ്യാപാരികളുടെ പേരും ലേബലുള്ള ബോക്സുകളാണ്‌ ലഹരിവസ്തുക്കൾ പാഴ്‌സൽ അയയ്ക്കാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ചെയ്താൽ ഓൺലൈനായി ഓർഡർ ചെയ്ത എന്തെങ്കിലും വസ്തുക്കൾ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകും.

ജാഗ്രത പുലർത്തും

തപാലായി അയയ്ക്കാൻ കൊണ്ടുവരുന്നത് 200 ഗ്രാമിൽ അധികം ഭാരമുള്ള വസ്തുക്കളാണെങ്കിൽ തുറന്നു നോക്കണമെന്നാണ്‌ നിയമം. നിയമ വിരുദ്ധമായതാണെങ്കിൽ അയയ്ക്കാൻ അനുവദിക്കരുത്. എന്നാൽ ഈ നിയമത്തോട്‌ ജനങ്ങൾ സഹകരിക്കാറില്ല. പായ്ക്ക് ചെയ്ത്‌ കൊണ്ടുവരുന്നത്‌ തുറക്കുന്നതിനെ ജനങ്ങൾ എതിർക്കും. ജീവനക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്‌ നിർദേശം നൽകിയിട്ടുണ്ട്.

- തപാൽ വകുപ്പ്

നിർദേശം പോസ്റ്റോഫീസുകൾക്കും

സ്വകാര്യ കൂറിയർ ഏജൻസികൾക്ക്‌ നൽകിയിരുന്ന നിർദേശം ഇനി പോസ്റ്റാഫീസുകൾക്കും നൽകും. സംശയാസ്പദമായ രീതിയിൽ പാഴ്‌സലുകൾ വന്നാൽ വിവരം അറിയിക്കണം. എക്സൈസ് കൂറിയർ ഏജൻസികളിൽ ഇടയ്ക്ക് മിന്നൽ പരിശോധന നടത്തും. കർണാടക മദ്യം പിടിച്ച കേസിൽ എക്സൈസ് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും.

- ടി.എസ്. അശോക് കുമാർ

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ